വാർഷിക പരീക്ഷയിൽ തോറ്റാലും ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന നയം അഞ്ച്, എട്ട് ക്ലാസുകളിൽ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
-----------------------------
നിലവിൽ അഞ്ച്, എട്ട് ക്ലാസ് വിദ്യാർഥികൾ വാർഷിക പരീക്ഷയിൽ തോറ്റാലും ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാർഥികൾക്ക് മുഴുവൻ പാസും നൽകി ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാർഥികൾ തോറ്റാൽ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും. രണ്ടുമാസത്തിനകം തോറ്റ വിദ്യാർഥികൾ വീണ്ടും വാർഷിക പരീക്ഷ എഴുതണം. ഇതിലും തോൽക്കുകയാണെങ്കിൽ ഇവർക്ക് ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകില്ല. അവർ വീണ്ടും ആ വർഷം ആ ക്ലാസിൽ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളിൽ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
© Copyright 2024. All Rights Reserved