ഐടി സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്നാണ് സുരേന്ദ്രൻ ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ട് പാർട്ടി ഫെയ്‌സ്ബുക്കിൽ വന്നതിനെ തുടർന്നാണ് നടപടി ആവശ്യപ്പെട്ടത്. മനഃപൂർവം വരുത്തിയ വീഴ്ചയാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പദയാത്ര ഗാനത്തിൽ കേരള സർക്കാരിനു പകരം കേന്ദ്രസർക്കാർ ഇടംപിടിച്ചതാണ് അമളിയായത്. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ,''എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഐടി സെൽ ചെയർമാൻ ജയശങ്കറും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിൽ നേരത്തെ മുതൽ അഭിപ്രായഭിന്നതകൾ നിലനിന്നിരുന്നു. കൂടാതെ ബിജെപി സംസ്ഥാനനേതൃത്വം നടത്തുന്ന സമരപരിപാടികൾക്ക് പാർട്ടിയുടെ സമൂഹമാധ്യമ പേജുകളിൽ വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും സുരേന്ദ്രന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്. കെ സുരേന്ദ്രന്റെ പദയാത്രയ്ക്കിടെ എസ് സി എസ് ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് നോട്ടീസ് അടിച്ചതും ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമർശനവും ഉയർന്നിരുന്നു. കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി സെൽ ചെയർമാനെതിരെ കേന്ദ്രനേതൃത്വം ഉടൻ തന്നെ നടപടി എടുത്തേക്കുമെന്നാണ് സൂചന.
© Copyright 2023. All Rights Reserved