വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സീപ്ലെയിൻ സർവീസ് സംസ്ഥാനത്ത് യാഥാർഥ്യമാകുന്നു.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസിന് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
-------------------aud----------------------------
ഉഡാൻ റീജണൽ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്‌ലാൻഡ് കാനഡ എന്ന സീപ്ലെയിൻ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും. ഞായർ പകൽ രണ്ടിനാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്വിറ്റ്‌സർലാൻഡിൽനിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് ഡി ഹാവ്‌ലാൻഡ് കാനഡയുടെ സർവീസ് നിയന്ത്രിക്കുന്നത്. ജലാശയങ്ങളുടെ നാടായ കേരളത്തിൽ സീപ്ലെയിൻ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയ സ്ഥലങ്ങളും വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.
റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തിൽതന്നെ ലാൻഡിങ് നടത്താനും കഴിയുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽനിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറു വിമാനങ്ങളാണിത്.
© Copyright 2024. All Rights Reserved