കൊച്ചി വാട്ടർ മെട്രൊക്കായി കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച രണ്ട് ബോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് പിന്നാലെ ഉത്തർപ്ര ദേശിലേക്ക് കൊണ്ടുപോയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരണം. അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് ഇവ കൊണ്ടുപോയതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.
എന്നാൽ, വാട്ടർ മെട്രൊക്കായി ഓർഡർ ചെയ്ത ബോട്ടുകൾ കൃത്യമായി കിട്ടിയിട്ടുണ്ടെന്നും മറ്റാരും കൊണ്ടുപോയിട്ടില്ലെന്നുമാണ് കൊച്ചി മെട്രൊ മാനേജിങ് ഡയറക്റ്റർ ലോക്നാഥ് ബെഹ്റ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. 23 ബോട്ടുകളാണ് വാട്ടർ മെട്രോക്കായി ആവശ്യപ്പെട്ടിരുന്നത്. അതിൽ 12 എണ്ണം കിട്ടി. ബാക്കിയുള്ള 11 എണ്ണം കരാർ പ്രകാരം ഘട്ടംഘട്ടമായി കിട്ടുമെന്നും അദ്ദേഹം പറയുന്നു.
-------------------aud--------------------------------fcf308
അതേസമയം, കൊച്ചി കപ്പൽശാലയിൽ നിർമിച്ച ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് അയച്ചുവെന്നത് വാസ്തവം തന്നെയാണ്. എന്നാൽ, ഇൻലാൻഡ് വാട്ടർവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തെ നൽകിയ ഓർഡറുകൾ പ്രകാരം നിർമിച്ച ബോട്ടുകളാണ് യുപിയിലേക്ക് അയച്ചതെന്നാണ് വിശദീകരണം. ആർക്കു വേണമെങ്കിലും ബോട്ട് നിർമിച്ചുനൽകാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് യുപിയിലേക്ക് കൊണ്ടുപോയ ബോട്ടുകൾ ഉപയോഗിക്കുക എന്നതും സത്യം തന്നെ. എന്നാൽ, ഡിസംബർ രണ്ടാം വാരമാണ് ഇവ കൈമാറിയതെന്നും, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധമൊന്നുമില്ലെന്നും കൊച്ചിൻ ഷിപ്പ് യാർഡ് പിആർഒയുടെ ഓഫിസ് പ്രതികരിച്ചു. ആറ് ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകൾ കൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് നിർമിച്ചു നൽകാൻ കൊൽക്കത്തയിലെ ഹൂഗ്ളിയിലുള്ള കൊച്ചിൻ ഷിപ്പ് യാർഡിൻറെ അനുബന്ധ കമ്പനിക്ക് കരാറുണ്ട്.
ഇക്കഴിഞ്ഞ ജനുവരി നാലിന് പ്രധാനമന്ത്രി തൃശൂർ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കൊച്ചി വാട്ടർ മെട്രൊയുടെ ബോട്ടുകൾ ഉത്തർ പ്രദേശിലേക്ക് കടത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം തുടങ്ങിയത്. അയോധ്യയിലേക്കും വാരാണസിയിലേക്കും കൊച്ചിൻ ഷിപ്പ് യാർഡ് ബോട്ട് നൽകുന്ന വിവരം കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പിൻറെ സമൂഹമാധ്യമ പേജിൽ ഡിസംബർ 14ന് തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved