കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കി എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾ മതേതര ആവശ്യങ്ങൾക്കായി ക്ഷേത്രങ്ങളിൽ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾ എടുത്തുകാണിച്ചുകൊണ്ടാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയുടെ ഉത്തരവ്. ക്ഷേത്രം ഒരു പിക്‌നിക്/ ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് വ്യക്തമാക്കിയാണ് തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനോട് കോടതി നിർദ്ദേശം നൽകിയത്. ഇടപെടലുകൾ ഇല്ലാതെ മതാചാരങ്ങൾ നിർവഹിക്കാനുള്ള ഹിന്ദുക്കളുടെ മൗലികാവകാശമാണ് വിധിയിൽ ഊന്നിപ്പറയുന്നത്. ഡിണ്ടിഗൽ ജില്ലയിലെ പഴനിയിലുള്ള അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജിയിലാണ് തീരുമാനം.
ക്ഷേത്ര കവാടങ്ങളിലും കൊടിമരത്തിന് സമീപവും മറ്റ് പ്രമുഖ സ്ഥലങ്ങളിലും കൊടിമരത്തിന് അപ്പുറത്തുള്ള അഹിന്ദുക്കൾക്കുള്ള നിയന്ത്രണത്തെ സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചു. ഒരു അഹിന്ദുവിന് ഒരു പ്രത്യേക ദേവനെ സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അവർ ഹിന്ദുമതത്തിലുള്ള വിശ്വാസവും ക്ഷേത്ര ആചാരങ്ങൾ അനുസരിക്കാനുള്ള സന്നദ്ധതയും സ്ഥിരീകരിക്കുന്ന ഒരു പ്രതിജ്ഞ നൽകണമെന്നും അതിൽ പറയുന്നു.'ഹിന്ദു മതത്തിൽ വിശ്വസിക്കാത്ത അഹിന്ദുക്കളെ അനുവദിക്കരുതെന്ന് നിർദ്ദേശിക്കുന്നു. ഏതെങ്കിലും അഹിന്ദുക്കൾ ക്ഷേത്രത്തിൽ ഒരു പ്രത്യേക ദേവനെ ദർശിക്കണമെന്ന് അവശ്യപ്പെട്ടാൽ പ്രസ്തുത അഹിന്ദുവിൽ നിന്ന് ഒരു ഉടമ്പടി വാങ്ങണം. അദ്ദേഹത്തിന് ദൈവത്തിൽ വിശ്വാസമുണ്ട്, അദ്ദേഹം ഹിന്ദു മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരും, കൂടാതെ ക്ഷേത്ര ആചാരങ്ങളും അനുസരിക്കും തുടങ്ങിയവ വ്യക്തമാക്കുന്ന പ്രതിജ്ഞയായിരിക്കണം അത്. അങ്ങനെ ചെയ്താൽ അഹിന്ദുക്കളെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാം,' കോടതി വിധിച്ചു.
© Copyright 2024. All Rights Reserved