ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലക്കേസ് പ്രതികൾക്ക് ജയിലിൽ നിന്ന് ഓൺലൈൻ വഴി എൽഎൽബി ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കുറ്റവാളിക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് അർഹതയുണ്ടെന്നും ജയിലിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമുണ്ടെന്നും വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. അന്തസ്സിനുള്ള അവകാശത്തിൽ അധിഷ്ഠിതമായ മനുഷ്യാവകാശമാണ് തടവുകാരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം. ജയിലിൽ നിന്ന് മോചിതനായ ഒരാളെപ്പോലെ ഒരു തടവുകാരനും പഠനം തുടരാൻ സാധിക്കും, കോടതി പറഞ്ഞു.
തടവറയുടെ നവീകരണപരവും പുനരധിവാസപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 'തടവുകാരുടെ ഇടയിൽ തങ്ങൾ വിശാലമായ സമൂഹത്തിന്റെ ഭാഗമായി തുടരുന്നു എന്ന ബോധം ഉണ്ടാക്കാൻ വിദ്യാഭ്യാസത്തിന് കഴിയും, ഹൈക്കോടതി കൂട്ടിച്ചേർത്തു..
പ്രതികൾ രണ്ട് പേരും 2023-24 അധ്യയന വർഷത്തേക്ക് കേരള ലോ എൻട്രൻസ് കമ്മീഷണർ നടത്തിയ എൽഎൽബി പ്രവേശന പരീക്ഷ പാസായിരുന്നു. ഒരാൾ മലപ്പുറത്തെ കെഎംസിടി ലോ കോളേജിലും മറ്റൊരാൾ പൂത്തോട്ടയിലെ ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം നേടിയത്.
നിലവിൽ ഓൺലൈനായി ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും പ്രായോഗിക പരിശീലനത്തിനോ പരീക്ഷകളിൽ പങ്കെടുക്കുന്നതിനോ അവരുടെ സാന്നിധ്യം അനിവാര്യമാകുന്ന അവസരത്തിൽ കേളോജിൽ നേരിട്ട് പോകാനും കോടതി അനുവദിച്ചു. രണ്ട് ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് ഇരു ജയിലുകളിലേയും സൂപ്രണ്ടുമാരും രണ്ട് കോളേജുകളിലെ പ്രിൻസിപ്പൽമാരും ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാനുള്ള ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു
© Copyright 2023. All Rights Reserved