കോപ്പ അമേരിക്ക ഫുട്‌ബോൾ പോരാട്ടത്തിന്റെ രണ്ടാം സെമിയിൽ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തിയതിനു പിന്നാലെ സ്റ്റേഡിയത്തിൽ കൂട്ടയടി. ഉറുഗ്വെ താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് കൈയാങ്കളി അരങ്ങേറിയത്. എന്താണ് ഏറ്റുമുട്ടലിനു കാരണമെന്നു വ്യക്തമായിട്ടില്ല.
-------------------aud------------------------------
പരുക്കൻ അടവുകൾ നിരവധി കണ്ട മത്സരമായിരുന്നു രണ്ടാം സെമി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കൊളംബിയൻ താരം ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ടു പുറത്താകുകയും ചെയ്തിരുന്നു. പോരാട്ടം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ താരങ്ങൾ ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകരുമായി പോരടിക്കുകയായിരുന്നു.
70,644 പേരാണ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ വന്നത്. പകുതിയിലധികവും കൊളംബിയൻ ആരാധകരായിരുന്നു. മത്സരം നടക്കുന്നതിനിടെ വെള്ളക്കുപ്പികൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞതടക്കമുള്ള വിവാദ സംഭവങ്ങളും അരങ്ങേറി. അതിനിടെ ഉറുഗ്വെ- കൊളംബിയ ആരാധകർ തമ്മിൽ ചെറിയ ഉരസലുണ്ടായിരുന്നു.മത്സരം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ സൂപ്പർ താരങ്ങളായ ഡാർവിൻ നൂനസും അരൗജോയുമെല്ലാം ആരാധകരുമായി തല്ലുപിടിക്കാൻ മുന്നിൽ നിന്നു. പത്ത് മിനിറ്റിലധികം സമയെമെടുത്ത് പൊലീസ് ഇടപെട്ട് സംഘർഷത്തിനു അയവു വരുത്തുകയായിരുന്നു.
മത്സരത്തിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തി. ജെഫേഴ്‌സൻ ലെർമയാണ് വിജയ ഗോൾ നേടിയത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.
© Copyright 2024. All Rights Reserved