എൻഎച്ച്എസ് ജീവനക്കാർക്കിടയിൽ കോവിഡ് പ്രതിരോധ നടപടികൾ പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹെൽത്ത്‌കെയർ ചാരിറ്റികളും, പേഷ്യന്റ് ഗ്രൂപ്പുകളും. ക്ലിനിക്കലി രോഗസാധ്യത അധികമുള്ള രോഗികൾക്കും, ആരോഗ്യപ്രവർത്തകർക്കും ഈ വരുന്ന വിന്റർ അപകടകരമായി മാറുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ഈ ആവശ്യം ശക്തമാകുന്നത്. ഈ വർഷം ആദ്യം തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് ക്ലിനിക്കൽ ഇടങ്ങളിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർ മാസ്‌ക് ധരിക്കണമെന്ന് നിബന്ധനയില്ല. കൂടാതെ ശ്വസനസംബന്ധമായ ഇൻഫെക്ഷനുകളുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാലും ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർബന്ധവുമില്ല.
ഇംഗ്ലണ്ടിൽ സെപ്റ്റംബർ 30 വരെ ഏഴ് ദിവസങ്ങളിൽ പോസിറ്റീവ് ടെസ്റ്റ് ചെയ്‌പ്പെടുന്നവരുടെ എണ്ണത്തിൽ 30% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ആശുപത്രി പ്രവേശനങ്ങൾ 25% വർദ്ധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നത് രോഗികളുടെ അവകാശമാണെന്ന് ചാരിറ്റികളും, സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ടെസ്റ്റിംഗ് തിരികെ എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ആശുപത്രികളിൽ കൊവിഡ് നിബന്ധനകൾ പിൻവലിച്ചതോടെ രോഗികൾക്കുള്ള സുരക്ഷയും കുറഞ്ഞതായി രോഗസാധ്യത ഏറിയവർ ചൂണ്ടിക്കാണിക്കുന്നു.
മാസ്‌ക് നിബന്ധനകൾ പ്രാദേശികമായാണ് തീരുമാനിക്കുന്നതെന്ന് എൻഎച്ച്എസ് പ്രതികരിച്ചു. കൂടാതെ കൊവിഡ്-19 രോഗികളെ ചികിത്സിക്കാൻ മാസ്‌കുകൾ നിർബന്ധമായി തുടരുന്നുവെന്ന് വക്താവ് കൂട്ടിച്ചേർത്തു.
© Copyright 2023. All Rights Reserved