മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും കോണ്‍ഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ വേണുഗോപാല്‍. താന്‍ ചെയ്യുന്നത് ചതിയല്ല. തന്റെ മനസിന്റെ വേദനകളാണിത്. അവരെന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നെന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോകുമ്പോഴും തനിക്ക് ആരോടും പരാതിയുമില്ലെന്നും പത്മജ പറഞ്ഞു.
ഒരു പാര്‍ട്ടിയ്ക്ക് ഏറ്റവും അത്യാവശ്യം ഒരു നല്ല നേതാവാണ്. താന്‍ മോദിയില്‍ കണ്ടത് അത്തരത്തിലൊരു നേതൃപാടവമാണ്. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം താന്‍ കോണ്‍ഗ്രസുമായി അകന്നിരിക്കുകയായിരുന്നു. തന്നെ തോല്‍പ്പിച്ചതാരാണെന്ന് തനിക്ക് നന്നായി അറിയാം. ഇതേ കുറിച്ച് പരാതി നല്‍കിയിട്ടും പാര്‍ട്ടി പരിഗണന നല്‍കിയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. താന്‍ പരാതി ഉന്നയിച്ച ആളുകളെ കോണ്‍ഗ്രസ് തന്റെ മൂക്കിന് താഴെ കൊണ്ടുനിറുത്തി. ഇത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനാലാണ് താന്‍ ഒന്നിലും സജീവമാകാതിരുന്നത്. അല്ലെങ്കില്‍ താന്‍ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോകണം. അച്ഛന്‍ എത്ര വിഷമത്തോടെയാണ് ഇവിടെ നിന്ന് പോയതെന്ന് തനിക്കറിയാമെന്നും പത്മജ പറഞ്ഞു.
സഹോദരന്‍ അച്ഛനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. കെ മുരളീധരന്‍ തന്നെ ദ്രോഹിച്ചപ്പോള്‍ നേതാക്കളാരെയും കണ്ടില്ല. ബിജെപിയില്‍ ചേരുന്നതിന്റെ പേരില്‍ മുരളീധരന്‍ എന്നോടുള്ള ബന്ധം ഉപേക്ഷിച്ചാലും തനിക്കൊന്നുമില്ല. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നത്. ഇന്ന് വൈകുന്നേരം 5ന് ആണ് ബിജെപി പ്രവേശനമെന്നും പത്മജ അറിയിച്ചു.
© Copyright 2023. All Rights Reserved