രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലർത്തുന്നവരാണ് ഇപ്പോഴും പാർട്ടിയിലുള്ളതെന്നും പത്മജ ആരോപിച്ചു. നേരിട്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകള മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിർത്തി തോൽപ്പിക്കുന്ന പതിവ് പാർട്ടിയിൽ നിന്ന് ഇല്ലാതായിട്ടില്ലെന്നും പത്മജ തുറന്നടിച്ചു. കാണാൻ കൊള്ളാവുന്ന സ്ത്രീകൾ കോൺഗ്രസിലെത്തിയാൽ അവരുടെ ജീവിതം തീർന്നു. സാധാരണ സ്ത്രീകൾക്ക് പാർടിയിൽ പ്രവർത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നു സ്ത്രീകൾ തെരഞ്ഞെടുപ്പിൽ നിന്നാൽ അവർതന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോൾ ഉസ്മാൻ ഉപതെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോൾ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി?. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അവരെ തോൽപ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. പിൻഗാമിയാക്കാൻ കെ കരുണാകരൻ കരുതിയിരുന്നത് കെ മുരളീധരനെയല്ലെന്ന് പത്മജ പറഞ്ഞു.. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരൻ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്. ആ ദ്രോഹത്തിന് അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവർക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും പത്മജ പറഞ്ഞു. കെ കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാൻ പരമാവധി ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നിൽക്കുന്നവരിൽ മിക്കവരും കരുണാകരൻ കൂടെ നിർത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കെ കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളും. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സഹിക്കാന് വയ്യാതായാൽ തനിക്ക് പലതും തുറന്നുപറയേണ്ടിവരുമെന്ന് പത്മജ പറഞ്ഞു.
© Copyright 2023. All Rights Reserved