ആകാശത്ത് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി ഗാംബിയ ഫുട്ബോൾ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടർന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിർത്തിറക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം. ആഫ്കോൺ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. ബുധനാഴ്ചയാണ് സംഭവം.
-------------------aud--------------------------------fcf308
50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയർ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം. ഗാംബിയൻ ഫുട്ബോൾ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നൽകിയത്. വിമാനത്തിലെ ഓക്സിജന് വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. താരങ്ങൾ ബോധരഹിതരായതോടെ പലറ്റ് ഗാംബിയയുടെ തലസ്ഥാനമായ ബാൻജുലിലേക്ക് തിരികെ പോവുകയായിരുന്നുവെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ക്യാബിനിലെ പ്രഷറും ഓക്സിജനും കുറഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയെന്നാണ് ഗാംബിയ ഫുട്ബോൾ അസോസിയേഷൻ വിശദമാക്കുന്നത്. താരങ്ങളിൽ പലരും മയങ്ങി വീണതിന് പിന്നാലെ ഒൻപത് മിനിറ്റിന് ശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാകേണ്ടിയിരുന്ന ഓക്സിജൻ മാസ്കുകളും യാത്രക്കാർക്ക് ലഭിച്ചില്ല.
ഗാംബിയയ്ക്ക് വേണ്ടി ഫുട്ബോൾ ഗ്രൌണ്ടിൽ മരിക്കാൻ തയ്യാറാണെന്നും അല്ലാത്ത സാഹചര്യത്തിൽ തന്റെ സ്വപ്നങ്ങൾ പൂർത്തിയായിട്ടില്ലെന്നുമാണ് ഗാംബിയയുടെ ഡിഫൻഡർ സെഡ്ദി ജാങ്കോ പറയുന്നത്. ക്യാബിനുള്ളിൽ ഓക്സിജൻ കുറഞ്ഞതിന് പിന്നാലെ കടുത്ത ചൂട് കൂടിയായതാണ് സാഹചര്യം ഇത്ര കണ്ട് മോശമാക്കിയത്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെനഗലിന് എതിരെ ആയിരുന്നു ഗാംബിയയുടെ ഉദ്ഘാടന മത്സരം.
© Copyright 2023. All Rights Reserved