എൻ എച്ച് എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമരത്തിനൊരുന്റുകയാണ് ജൂനിയർ ഡോക്ടർമാർ. വർഷത്തിലെ ഏറ്റവും തിരക്കേറിയ നാളുകളിൽ തന്നെയുള്ള സമരം രോഗികളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. ഈ മാസത്തിൽ മൂന്ന് ദിവസവും ജനുവരിയിൽ ആറ് ദിവസവുമാണ് സമരം. സർക്കാരുമായി നീണ്ടകാലമായി തുടരുന്ന, ശമ്പളവർദ്ധനയുമായി ബന്ധപ്പെട്ട പ്രശ്നം ഇനിയും പരിഹരിക്കാത്തത് ആണ് സമരകാരണം.
ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ ധൃതിപിടിച്ചെടുത്ത തീരുമാനം ആയിരക്കണക്കിന് രോഗികളുടെ ജീവന് വരെ ഭീഷണി സൃഷ്ടിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അട്കിൻസ് പറഞ്ഞു. ആരോഗ്യ വകുപ്പിലെ പ്രമുഖരും ഇതേ അഭിപ്രായക്കാരാണ്. ശൈത്യകാലത്ത് വൈറസ് വ്യാപനം മൂർദ്ധന്യാവസ്ഥയിൽ എത്തുകയും, ക്രിസ്ത്മസ്സ് പാർട്ടികളുമായി ബന്ധപ്പെട്ട് അപകടങ്ങൾക്ക് സാധ്യത വർദ്ധിക്കുകയുംചെയ്യുന്ന അവസരത്തിലാണ് സമരം എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നേരത്തെ, സർക്കാരുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നഴ്സുമാർ, ഫിസിയോതെറാപിസ്റ്റുകൾ, പാരാമെഡിക്സ് എന്നി വിഭാഗങ്ങൾ സമരം പിൻവലിച്ചിരുന്നു. അതേസമയം, സർക്കാരിന്റെ ശമ്പള വർദ്ധനവിനുള്ള നിർദ്ദേശം അംഗീകരിക്കുകയായിരുന്നു കൺസൾട്ടന്റുമാരുടെ യൂണിയനുകൾ. അതുകൊണ്ടു തന്നെ ഈ സമയത്തെ ജൂനിയർ ഡോക്ടർമാരുടെ സമരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്.
രോഗികളുടെ മുഖത്ത് അടിക്കുന്നതിന് തുല്യമാണ് ഈ സമരം എന്ന് പറഞ്ഞ ആഷ്ഫീൽഡ് എം പി ലീ ആൻഡേഴ്സൺ. സമരത്തിനിറങ്ങുന്നതിന് മുൻപ് തങ്ങളുടെ ഹിപോക്രാറ്റിക് പ്രതിജ്ഞ ഡോക്ടർമാർ ഓർക്കണമെന്നും ആവശ്യപ്പെട്ടു.ആരോഗ്യ മേഖലയിലെ മറ്റു വിഭാഗങ്ങൾ ഒക്കെയും സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിച്ച സാഹചര്യത്തിൽ ജൂനിയർ ഡോക്ടർമാർ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ജനപ്രതിനിധി സഭയിലെ ഹെൽത്ത് കമ്മിറ്റി അംഗം കൂടിയായ ടോറി എം പി പോൾ ബ്രിസ്റ്റോയുടെ പ്രതികരണം.
രോഗികളുടെ കാര്യത്തിന് പ്രാധാന്യം കൊടുത്ത്, സർക്കാർ നൽകിയ മെച്ചപ്പെട്ട ഓഫർ സ്വീകരിച്ച് സമരത്തിൽ നിന്നും ഡോക്ടർമാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി യൂണിയൻ നേതാക്കളും മന്ത്രിമാരും തമ്മിലുള്ള ചർച്ചകൾ തുടരുകയായിരുന്നു. എന്നാൽ, യൂണിയൻ അംഗങ്ങളായ ജൂനിയർ ഡോക്ടർമാർ സമരത്തിനനുകൂലമായി ഏകകണ്ഠെന വോട്ടു ചെയ്യുകയായിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്. വിശ്വസനീയമായ ഒരു ഓഫർ മുൻപോട്ട് വയ്ക്കാൻ ആരോഗ്യ വകുപ്പിനായില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഡിസംബർ 20 രാവിലെ ഏഴു മണി മുതൽ ഡിസംബർ 23 രാവിലെ ഏഴു മണി വരെയും അതുപോലെ ജനുവരി മൂന്നു രാവിലെ ഏഴുമണി മുതൽ ജനുവരി ഒൻപതിന് രാവിലെ ഏഴു മണിവരെയും ആയിരിക്കും ഡോക്ടർമാരുടെ സമരം. നേരത്തെ വേനൽക്കാലത്ത് നടന്ന ചർച്ചകളിൽ 8.8 ശതമാനം വർദ്ധനവിന് സർക്കാർ സമ്മതിച്ചെങ്കിലും യൂണിയൻ നേതാക്കൾക്ക് അത് സമ്മതമായില്ല. ഇപ്പോൾ അതിനു പുറമെ മൂന്നു ശതമാനത്തിന്റെ വർദ്ധനവ് കൂടി സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതും ബി എം എ ക്ക് സമ്മതമല്ല. കഴിഞ്ഞ വർഷവും ഈ വർഷവുമായി നടന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഫിസിയോതെറാപിസ്റ്റുമാരുടെയും ഒക്കെ സമരത്തിന്റെ ഫലമായി ലക്ഷക്കണക്കിന് അപ്പോയിന്റ്മെന്റുകളാണ് എൻ എച്ച് എസ്സിന് റദ്ദ് ചെയ്യേണ്ടി വന്നത്. ഇതിന്റെ ഫലമായി 1.3 ബില്യൻ പൗണ്ടിലധികം തുക എൻ എച്ച് എസ്സിന് നഷ്ടപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു..
© Copyright 2024. All Rights Reserved