ക്രിസ്മസ് - പുതുവത്സര സീസണിൽ 'ആരോഗ്യ അടിയന്തരാവസ്ഥ'യുമായി ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് നാളെ തുടങ്ങും. അടുത്ത മൂന്നാഴ്ചകളിൽ എൻഎച്ച്എസ് ആശുപത്രികൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുക നാല് ദിവസം മാത്രമായിരിക്കും. വീക്കെൻഡുകൾ കൂടി ഉൾപ്പെടുത്തിയാൽ ഡിസംബർ 27, 28, 29 തീയതികളിലും, ജനുവരി 2-നും മാത്രമാണ് സമരങ്ങളും, ഹോളിഡേയും ബാധിക്കാതെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന നിലയിൽ ലഭ്യമാകുക.
ക്രിസ്മസ്, ന്യൂഇയർ സീസൺ രോഗികളെ സംബന്ധിച്ച് ദുരിതത്തിന്റേതായി മാറുമെന്നാണ് ആശങ്ക. രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നതിൽ വലിയ തടസ്സങ്ങൾ പ്രതീക്ഷിക്കാമെന്ന് ഹെൽത്ത് മേധാവികൾ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ കൺസൾട്ടന്റ് മുന്നോട്ട് വെയ്ക്കുന്ന പേ ഓഫർ തള്ളിയാൽ കൂടുതൽ സമരങ്ങൾ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിനിടെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൺസൾട്ടന്റുമാർക്ക് 20,000 പൗണ്ട് അധികം ലഭിക്കുന്ന കരാർ വോട്ടിനിടുന്നുണ്ട്. കൂടാതെ സമരം നടത്താനുള്ള അവകാശം ആറ് മാസം കൂടി നീട്ടിയതായി യൂണിയൻ പ്രഖ്യാപിച്ചു. അതായത്, അംഗങ്ങൾ നം.10 ഡീൽ തള്ളിയാൽ ഡോക്ടർമാർക്ക് 2024 ജൂൺ 18 വരെ സമരം ചെയ്യാൻ കഴിയും. ഇതിന് പുറമെ സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടർമാരും സമാനമായ ഡീൽ സ്വീകരിക്കുന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നുണ്ട്.
ഡിസംബർ 20 മുതൽ 3 ദിവസത്തേക്കാണ് ജൂനിയർ ഡോക്ടർമാർ ആദ്യ ഘട്ട പണിമുടക്ക് സംഘടിപ്പിക്കുക. ഇതിന് ശേഷം എൻഎച്ച്എസിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഒരിക്കലും നടത്താത്ത, തുടർച്ചയായ ആറ് ദിവസങ്ങൾ നീളുന്ന സമരം ജനുവരി 2നും ആരംഭിക്കും. സമരദിനങ്ങളിൽ 'ക്രിസ്മസ് ദിനത്തിലെ' തോതിലാണ് ജീവനക്കാർ സേവനങ്ങൾ ലഭ്യമാക്കുക. അഞ്ചാഴ്ചയായി മന്ത്രിമാരും, ബിഎംഎ പ്രതിനിധികളും കൊടുമ്പിരി കൊണ്ട ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇത് ഫലം കണ്ടിട്ടില്ല.
എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.8 മില്ല്യണിൽ എത്തിച്ചേർന്ന ഘട്ടത്തിലാണ് ജൂനിയർ ഡോക്ടർമാരുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ പണിമുടക്ക് വരുന്നത്. ബിഎംഎയും, ഗവൺമെന്റും തമ്മിലുള്ള ചർച്ചകളിൽ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് സമരപ്രഖ്യാപനം.
കഴിഞ്ഞ വിന്ററിന് സമാനമായി സമരങ്ങളുടെ തുടർദിനങ്ങളാണ് ഇക്കുറി ആഗതമാകുന്നത്. ജൂനിയർ ഡോക്ടർമാർക്ക് 35% ശമ്പളവർദ്ധന വേണമെന്ന നിലപാടിൽ നിന്നും ബിഎംഎ മേധാവികൾ പിന്നോട്ട് പോകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 9.8 ശതമാനം വർദ്ധനവിന് പുറമെ അധികമായി 3 ശതമാനം കൂടി ചേർക്കാമെന്നാണ് ഗവൺമെന്റ് അറിയിച്ചത്. എന്നാൽ ഇത് പോരെന്നാണ് ബിഎംഎ നിലപാട്.
വിന്ററിൽ എൻഎച്ച്എസിന് മേൽ സമ്മർദം വർദ്ധിക്കുന്ന ഘട്ടം കൂടിയാണ്. അപ്പോഴാണ് സ്ഥിതി രൂക്ഷമാക്കി പുതിയ സമരങ്ങൾ.
© Copyright 2024. All Rights Reserved