40 വർഷം മുമ്പ് ഭോപ്പാലിൽ നടന്ന യൂനിയൻ കാർബൈഡ് വിഷ വാതക ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള കണ്ടെയ്നറുകൾ സംസ്കരണത്തിനായി അയച്ചു തുടങ്ങി. കർശന നിയന്ത്രണങ്ങളോടെയും കനത്ത സുരക്ഷയിലും ഭോപ്പാലിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള പിതാംപൂരിലേക്ക് പന്ത്രണ്ട് കണ്ടെയ്നറുകൾ പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
-------------------aud--------------------------------
ഓരോ കണ്ടെയ്‌നറും ഏകദേശം 30 ടൺ മാലിന്യം കൊണ്ടുപോകുന്നു. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മാലിന്യം നീക്കുന്നതെന്ന് പൊലീസ് കമീഷണർ പറഞ്ഞു. ആംബുലൻസ്, പൊലീസ് വാഹനങ്ങൾ, അഗ്നിശമന സേന എന്നിവയുടെ അകമ്പടിയോടെ 250 കിലോമീറ്റർ നീളമുള്ള ‘ഹരിത ഇടനാഴി’യിലൂടെയാണ് വിഷ മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഗതാഗതത്തിന് അഡീഷണൽ പൊലീസ് സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് മേൽനോട്ടം വഹിക്കുന്നത്. അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ കണ്ടെയ്‌നറുകൾക്ക് അകമ്പടി സേവിക്കുന്നുണ്ട്.
ഭോപ്പാലിലെ ഉപേക്ഷിക്കപ്പെട്ട യൂനിയൻ കാർബൈഡ് ഫാക്ടറിയിലാണ് 337 മെട്രിക് ടൺ വിഷ മാലിന്യം സൂക്ഷിച്ചിരുന്നത്. മാലിന്യം സുരക്ഷിതമായി കൊണ്ടുപോകുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. കടത്തുന്നതിനു മുന്നോടിയായി ഫാക്ടറിയുടെ 200 മീറ്റർ ചുറ്റളവിൽ കൊട്ടിയടച്ചു. പ്രത്യേകം രൂപകല്പന ചെയ്ത 12 ലീക്ക് പ്രൂഫ്- ഫയർ റെസിസ്റ്റന്റ് പെട്ടികളിലാണ് ഇത് കയറ്റിയത്. രാസപ്രവർത്തനങ്ങൾ തടയുന്നതിനായി ജംബോ എച്ച്.ഡി.പി.ഇ ബാഗുകളിൽ പാക്ക് ചെയ്തു. 200ഓളം തൊഴിലാളികൾ ഈ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. 30 മിനിറ്റ് വീതം ഹ്രസ്വ ഷിഫ്റ്റുകളിലായി അവർ ജോലി ചെയ്തു. പി.പി.ഇ കിറ്റുകളുടെ ഉപയോഗം ഉൾപ്പെടെ കർശനമായ സുരക്ഷാ നടപടികൾ എടുത്തിരുന്നു.
© Copyright 2024. All Rights Reserved