ചണ്ഡിഗഡിലേക്ക് പോകുമ്പോൾ പഞ്ചാബ് പൊലീസ് മോഗ ജില്ലയിലെ അജിത്‌വാളിൽ വെച്ച് തങ്ങളെ തടഞ്ഞുവെന്നും അവരിൽ ചിലരെ പൊലീസ് തടങ്കലിൽ വച്ചിട്ടുണ്ടെന്നും ക്രാന്തികാരി കിസാൻ യൂണിയൻ ജില്ലാ മോഗ പ്രസിഡന്റ് ജതീന്ദർ സിംഗ് പറഞ്ഞു.ചണ്ഡീഗഡിലേക്ക് പോകാൻ അനുവദിക്കാത്ത ഭഗവന്ത് മാൻ സർക്കാരിനെതിരെ കർഷകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സമ്രാലയിലും കർഷകരെ പൊലീസ് തടഞ്ഞതായി റിപ്പോർട്ടുണ്ട്.കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ചയുടെ ഇരുന്നൂറോളം നേതാക്കളെ പഞ്ചാബ് സർക്കാർ കരുതൽ തടങ്കലിലാക്കിയിരുന്നു. കാർഷിക മേഖലയിലെ 18 ആവശ്യങ്ങൾ ഉന്നയിച്ച് ഒരാഴ്‌ചനീളുന്ന മാർച്ച് ബുധനാഴ്‌ച തുടങ്ങാനിരിക്കെയായിരുന്നു ഭഗവന്ത് മൻ സർക്കാരിന്റെ നീക്കം. തിങ്കളാഴ്‌ച എസ്‌കെഎമ്മുമായി നടത്തിയ ചർച്ചയിൽനിന്ന് രോഷത്തോടെ മുഖ്യമന്ത്രി ഇറങ്ങിപ്പോയതിന് പിന്നാലെയാണ് അർധരാത്രിയിൽ പൊലീസ് വ്യാപക റെയ്‌ഡും അറസ്റ്റും നടത്തിയത്.ബൽബീർ സിങ് രജേവാൾ, റുൽഡു സിങ് മൻസ, ജഗ്‌വീർ സിങ് ചൗഹാൻ, ഗുർമീത് സിങ് ഭാട്ടിവാൾ, വീർപാൽ സിങ് ധില്ലൺ, ബിന്ദർ സിങ് ഗോലെവാ തുടങ്ങിയ നേതാക്കളെ തടങ്കലിലാക്കി. പ്രമുഖ നേതാവ് ജൊഗീന്ദർ സിങ് ഉഗ്രഹാന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. മറ്റൊരു നേതാവ് ഗുലാബ് സിങിന്റെ ഭട്ടിൻഡയിലെ വീട് പുലർച്ചെ വളഞ്ഞുവെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പൊലീസ് പിൻവാങ്ങി. കാർഷിക കടം എഴുതിത്തള്ളണം, സംഭരണം ശക്തിപ്പെടുത്തണം, നെൽകൃഷി വ്യാപിപ്പിക്കണം തുടങ്ങി 18 ആവശ്യങ്ങളിൽ 12ഉം സംസ്ഥാന സർക്കാർ പരിഹാരം കാണേണ്ടതാണ്. നിങ്ങൾക്ക് സൗകര്യമുള്ളത് ചെയ്യാൻ പറഞ്ഞാണ് മുഖ്യമന്ത്രി ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയത്.
ന്യൂസ് ഡസ്ക് മാഗ്നവിഷൻ
© Copyright 2025. All Rights Reserved