പുതിയ ടൂറിസ്റ്റ് ടാക്സ് ഈടാക്കുന്ന നിയമത്തിന് അനുകൂലമായി വോട്ട് ചെയ്ത് എഡിൻബർഗ് കൗൺസിലർമാർ. ഇതുവഴി ഖജനാവിലേക്ക് 50 മില്യൻ പൗണ്ട് അധികമായി സമാഹരിക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. കുറച്ചു കാലത്തേക്ക് മാത്രം നഗരത്തിൽ താമസിക്കുന്നവർക്ക് മേൽ ട്രാൻസിയന്റ് വിസിറ്റർ ലെവി ചുമത്തുന്ന ആദ്യ സ്‌കോട്ടിഷ് നഗരമായി മാറിയിരിക്കുകയാണ് എഡിൻബർഗ്. ഇത്തരത്തിൽ സമാഹരിക്കുന്ന പണം തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി ഉപയോഗിക്കും.
-------------------aud--------------------------------
പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എല്ലാം ഇതിനോടകം നിലവിൽ വന്ന ഈ പുതിയ നികുതിയുടെ പരിധിയിൽ ഹോട്ടലുകൾ, ബി ആൻഡ് ബി, സെൽഫ് കാറ്ററിംഗ് അക്കൊമഡേഷൻ, എയർ ബി എൻ ബി പോലുള്ള വെബ്‌സൈറ്റുകളിലൂടെ വാടകക്ക് എടുക്കുന്ന മുറികൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടും. ഈ നീക്കം വിനോദ സഞ്ചാരികളെ അകറ്റി നിർത്തുമെന്നും, ഒരു വിനോദ കെന്ദ്രമെന്ന എഡിൻബർഗിന്റെ കീർത്തി ഇല്ലാതെയാക്കുമെന്നും വിമർശകർ പറയുന്നു.
പോളിസി ആൻഡ് സസ്റ്റെയ്നബിലിറ്റി കമ്മിറ്റിയുടെ യോഗത്തിലായിരുന്നു ഈ നിർദ്ദേശം വോട്ടിനിട്ടത്. ഇത് നിലവിൽ വരുന്നതിന് മുൻപായുള്ള 12 ആഴ്ചക്കാലത്തെ കൺസൾട്ടേഷൻ വരുന്ന ശരത്ക്കാലത്ത് ആരംഭിക്കും. നിർദ്ദിഷ്ട 5 ശതമാനം നികുതി കൂടുതലാണോ കുറവാണോ എന്നതിലായിരിക്കും കൺസൾട്ടേഷൻ. 2026 ലെ ഉത്സവക്കാലത്ത് പ്രാബല്യത്തിൽ വരുത്താനിരിക്കുന്ന അധിക ലെവി 8 ശതമാനമായി ഉയർത്തണമെന്നാണ് സ്‌കോട്ടിഷ് പരിസ്ഥിതിവാദികൾ ആവശ്യപ്പെടുന്നത്. ഇത് നിലവിൽ വരുന്നതോടെ ആംസ്റ്റർഡാം, ബെർലിൻ, ന്യൂയോർക്ക് പോലുള്ള നഗരങ്ങൾക്ക് ഒപ്പമാകും എഡിൻബർഗിന്റെയും സ്ഥാനം.
പൊതുസ്ഥലങ്ങളുടെ വികസനത്തിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ഈ നികുതി വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുക. ഈ നികുതിയിൽ നിന്നുള്ള വരുമാനത്തിൽ 5 മില്യൻ പൗണ്ട് ഹൗസിംഗിനായി വിനിയോഗിക്കും എന്നാണ് കൗൺസിൽ ലീഡർ കാമി ഡേ പറഞ്ഞത്. 35 ശതമാനം കല- സാംസ്‌കാരിക മേഖലയിൽ മുടക്കും. ഹൗസിംഗിനായി 20 മില്യൻ പൗണ്ട് നീക്കി വയ്ക്കണം എന്നായിരുന്നു കൗൺസിലിലെ എസ് എൻ പി അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, അതുമായി ബന്ധപ്പെട്ട് അവർ അവതരിപ്പിച്ച പ്രമേയം വോട്ടിംഗിൽ പരാജയപ്പെടുകയായിരുന്നു.
© Copyright 2023. All Rights Reserved