13 വർഷത്തെ ഇടവേളയ്ക്കുശേഷം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചെച്‌നിയയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. റഷ്യൻ അധീന പ്രവിശ്യയായ കുർസ്‌കിൽ യുക്രൈൻ സൈന്യം പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെയാണ് പുടിൻ്റെ അപ്രതീക്ഷിത സന്ദർശനം. ചെച്‌നിയൻ തലസ്ഥാനമായ ഗ്രോസ്‌നിയിലെത്തി മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും നഗരത്തിലെ മുസ്‌ലിം പള്ളിയിലെത്തി ഖുർആൻ പ്രതി സമ്മാനമായി ഏറ്റുവാങ്ങിയതുമെല്ലാം വലിയ വാർത്തയായിട്ടുണ്ട്.
-------------------aud--------------------------------
ചൊവ്വാഴ്ചയാണ് പുടിൻ ഔദ്യോഗിക സന്ദർശനാർഥം ചെച്‌നിയയിലെത്തുന്നത്. ഗ്രോസ്നിയിലുള്ള സൈനിക പരിശീലന കേന്ദ്രമായ റഷ്യൻ സ്പെഷൽ ഫോഴ്സസ് യൂനിവേഴ്‌സിറ്റി സന്ദർശിക്കാനാണ് പുടിൻ എത്തിയതെന്നാണു വിവരം. ഇവിടെ പ്രത്യേകം പരിശീലനം ലഭിച്ച സൈനികരെ യുക്രൈനെതിരായ ആക്രമണത്തിന് അയയ്ക്കാനിരിക്കുകയാണ്. ഇതിൻ്റെ മുന്നോടിയായാണ് പുടിൻ ഇവിടെ എത്തിയത്. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈൻ ആക്രമണം ആരംഭിച്ചതിനുശേഷം 47,000ത്തിലേറെ സൈനികർ ഇവിടെ പരിശീലനം നേടിയിട്ടുണ്ടെന്ന് 'യൂറോ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. വലിയൊരു ശതമാനം ചെച്‌നിയൻ വംശജരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നേരിൽക്കണ്ട പുടിൻ സൈനികേര പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. ഇങ്ങനെയുള്ള ആൺകുട്ടികളുണ്ടാകുമ്പോൾ റഷ്യ എന്നും അജയ്യമായിരിക്കുമെന്നാണ് പുടിൻ പ്രകീർത്തിച്ചത്. ചെചൻ റിപബ്ലിക്ക് പ്രസിഡൻ്റ് റംസാൻ കദിറോവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുടിനെ ഗ്രോസ്‌നിയിൽ സ്വീകരിച്ചത്. 13 വർഷമായി തങ്ങൾ പുടിൻ്റെ സന്ദർശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് കദിറോവ് പറഞ്ഞു. ചെചൻ റിപബ്ലിക്ക് ഉൾപ്പെടെ ഒരുപാട് വിഷയങ്ങളും പ്രശ്‌നങ്ങളും ദിനംപ്രതിയെന്നോണം കൈകാര്യം ചെയ്യുന്ന നേതാവാണ് പുടിൻ. യുക്രൈനോട് പോരാടാനായി പതിനായിരക്കണക്കിനു പോരാളികൾ ഇവിടെ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രോസിയിൽ പുതുതായി പണികഴിപ്പിച്ച മസ്‌ജിദ് ഈസയിലും കദിറോവിനൊപ്പം പുടിൻ എത്തി. ചെചൻ സുപ്രീം മുഫ്‌തി സലാഹ് മെസിയേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിയിൽ പുടിനെയും സംഘത്തെയും സ്വീകരിച്ചത്. മുഫ്‌തി സ്വർണാലങ്കൃതമായ ഖുർആൻ പ്രതി റഷ്യൻ പ്രസിഡന്റ്റിനു സമ്മാനിക്കുകയും ചെയ്തു. പ്രബല ചെചൻ മുസ്ലിം സംഘടനയായ മുസ്‌ലിംസ് ഓഫ് ദി ചെചൻ റിപബ്ലിക് തലവൻ അധ്യക്ഷൻ കൂടിയാണ് മുഫ്തി സലാഹ്. ഖുർആൻ്റെ പ്രതി ഏറ്റുവാങ്ങി മുത്തം നൽകുന്ന ദൃശ്യങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിദേശരാജ്യങ്ങളുടെ സഹായത്തോടെ കുർസ്‌കിൽ ഉൾപ്പെടെ വൻ പ്രത്യാക്രമണമാണ് അടുത്തിടെയായി യുക്രൈൻ നടത്തുന്നത്. ഇതിനിടയിലാണു കൂടുതൽ ചെചൻ സൈനികരെ യുദ്ധമുഖത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്വന്തം റിപബ്ലിക്കായി കാൽക്കീഴിൽ നിർത്തുന്നതിനൊപ്പം യുക്രൈൻ യുദ്ധത്തിൽ സൈനികബലമായും ചെചിയയെ നിലനിർത്തുകയാണ് പുടിൻ്റെ പുതിയ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
© Copyright 2023. All Rights Reserved