യുനൈറ്റഡ് നാഷൻസ്: 140 നാൾ പിന്നിട്ട ഇസ്രായേൽ വംശഹത്യയിൽ തകർന്ന് തരിപ്പണമായ ഗസ്സക്ക് ഭക്ഷണം ചികിത്സ തുടങ്ങിയവയ്ക്ക് ഏക ആശ്രയമായിരുന്ന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ യെ പൂർണ്ണമായും ഇല്ലാതാക്കൻ ഇസ്രായേൽ നീക്കം. കിഴക്കൻ ജെറുസലേമിൽ 75 വർഷമായി ആസ്ഥാനമായി പ്രവർത്തിച്ച് വരികയായിരുന്നു ഏജൻസി. ഏജൻസി നിൽക്കുന്ന കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ ഇസ്രായേലി ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യു.എൻ.ആർ.ഡബ്ല്യു.എ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഇസ്രായേലി ഉദ്യോഗസ്ഥരുടെ സംഘടിത ശ്രമത്തിൽ ഫലസ്തീനി അഭയാർത്ഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എ ചക്രശ്വാസം വലിക്കകയാണെന്നും ലസാരിനി കൂട്ടി ചേർത്തു. ഏജൻസി നിൽക്കുന്ന കെട്ടിടത്തിൽ നിന്ന് ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് 37.29 കോടി രൂപ പിഴ നൽകാനും ഇസ്രായേൽ ലാൻഡ് അതോറിറ്റി യു.എൻ.ആർ.ഡബ്ല്യു.എ യോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു. 1952ൽ ജോർദാനാണ് ഈ കേന്ദ്രം യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകിയത്.ഏജൻസിക്ക് പല രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ റദ്ദാക്കാൻ ഇസ്രായേൽ അന്താരഷ്ട്ര തലത്തിൽ നീക്കം നടത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങൾ ഇതിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഇതോടെ സാമ്പത്തികമായി ഞെരുങ്ങിയ യു.എൻ.ആർ.ഡബ്ല്യു.എ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.ഇതിനുപുറമേ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഏജൻസിയുടെ ജീവനക്കാർക്കുള്ള എൻട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രായേൽ പരിമിതപ്പെടുത്തി. യു.എൻ.ആർ.ഡബ്ല്യു.എ ക്ക് നൽകുന്ന ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ഇസ്രായേലി ധന മന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏജൻസിയുടെ ബാങ്ക് അക്കൗണ്ട് ഇസ്രായേൽ മരവിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഏജൻസിക്ക് വരുന്ന ചരക്കുകൾ ഇസ്രായേലി കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ട്.
ഇസ്രായേലിന്റെ ഈ നീക്കം യു.എൻ.ആർ.ഡബ്ല്യു.എ യുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതായും ലസാരിനി പറഞ്ഞു.
© Copyright 2023. All Rights Reserved