ഇസ്രായേലിൻ്റെ കൂട്ടക്കുരുതിയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18000 കവിഞ്ഞു. ഒക്ടോബർ ഏഴിനാണ് ഹമാസിൻ്റെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത്.
കഴിഞ്ഞ 24മണിക്കൂറിനിടെ 208 പേർ കൊല്ലപ്പെട്ടതായും 416 ഫലസ്തീനികൾക്ക് പരിക്കേറ്റതായും ഫലസ്തീൻ വക്താവ് അഷ്റഫ് അൽ ഖിന്ദ്ര പറഞ്ഞു.
ഇതോടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18,205 ആയി. 49,645 പേർക്ക് പരിക്കേൽക്കുകയും ചെയ. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫലസ്തീനികൾക്ക് ചികിത്സ നൽകാൻ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. റഫ നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. അതിൽ ഏഴുപേർ കുട്ടികളാണ്. ഹമാസിനെ തോൽപിക്കാൻ മാസങ്ങളോ അതിലധികമോ കാലം യുദ്ധം ചെയ്യാൻ തയാറാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. കരയാക്രമണം കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന് കൂടുതൽ സൈനിക പ്രവർത്തനങ്ങൾ മാസങ്ങളോളം തുടരുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഹമാസിനെ അധികാരത്തിൽ നിന്ന് പുറത്താക്കി സൈനിക ശേഷി ഇല്ലാതാക്കുകയും ബന്ദികളെ മുഴുവൻ മോചിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ഗാലൻ്റ് കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved