യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യു.എസ് നീക്കം. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് ഹമാസ് വ്യക്തമാക്കി.
ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന് യു.എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന് യു.എസ് മുന്നോട്ടുവെച്ച പ്രമേയം ആവശ്യപ്പെടുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഫക്കുനേരെയുള്ള ആക്രമണം മേഖലയിൽ സൃഷ്‌ടിക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക വെടിനിർത്തൽ നിർദേശമെന്നും പ്രമേയം പറയുന്നു. അൾജീരിയ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയത്തിൽ ഇന്ന് രാത്രി നടക്കുന്ന വോട്ടെടുപ്പിൽ വീറ്റോ പ്രയോഗിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പ്രമേയത്തോട് മറ്റു വൻശക്‌തി രാജ്യങ്ങൾ കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും. പാരീസിൽ രൂപപ്പെടുത്തിയ ദീർഘകാല വെടിനിർത്തൽ നിർദേശങ്ങളെ അട്ടിമറിച്ചത് ഇസ്രായേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആക്രമണം അവസാനിപ്പിക്കുക, ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കുക, ബന്ദികൾക്കു പകരം ഫലസ്‌തീൻ തടവുകാരെ വിട്ടയക്കുക എന്നീ ഉപാധികളിൽ നിന്ന് പിറകോട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. വെസ്‌റ്റ് ബാങ്കിലെയും മറ്റും ഇസ്രായേൽ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതം സംബന്‌ധിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രണ്ടാം ദിവസമായ ഇന്ന് വാദം തുടരും. ദക്ഷിണാഫ്രിക്ക, അൾജീരി യ, സൗദി, നെതർലൻഡ്‌സ്, ബംഗ്ലാദേശ്, ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വാദം ഇന്നുണ്ടാകും. ഈ മാസം 26 വരെ 52 രാജ്യങ്ങളുടെ വാദം കേൾക്കും. ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. 24 മണിക്കൂറിനിടെ 107 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 29,092 ആയി. 69,028 പേർക്ക് പരിക്കേറ്റു. അതിനിടയിൽ ചെങ്കടലിൽ അമേരിക്കയെയും ബ്രിട്ടനെയും വെല്ലുവിളിച്ച് ഹൂതികളുടെ ആക്രമണമുണ്ടായി. രണ്ട് അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകൾ അക്രമിച്ചതായി ഹൂതികൾ വ്യക്തമാക്കി. ഇതിൽ ബ്രിട്ടീഷ് കപ്പൽ കടലിൽ മുങ്ങിത്തുടങ്ങിയെന്നും ഹൂതി വക്‌താവ് അറിയിച്ചു. ഇതിനു തിരിച്ചടിയായി യു.എസ്, ബ്രിട്ടീഷ് പോർവിമാനങ്ങൾ ഹൂതി കേന്ദ്രങ്ങളിൽ ഇന്നലെയും ആക്രമണം നടത്തി.
അതേസമയം ഇസ്രായേലിൽ നിന്ന് ബ്രസീൽ സ്‌ഥാനപതിയെ തിരികെ വിളിച്ചു. ഇസ്രായേൽ ഫലസ്തീൻ ജനതക്കെതിരെ തുടരുന്നത് വംശഹത്യയാണെന്നും ഹിറ്റ്ലറുടെ ഹോളോകോസ് റ്റിനു തുല്യമാണിതെന്നും ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡാ സിൽവ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നെതന്യാഹു രംഗത്തുവന്നു. തുടർന്നാണ് സ്ഥഥാനപതിയെ തിരിച്ചുവിളിച്ച ബ്രസീൽ നടപടി. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇസ്രായേൽ സേന ബലാത്സംഗവും ലൈംഗികാതിക്രമവും അടക്കം ഗുരുതര യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ആധികാരിക പരാതികൾ ലഭിച്ചതായി യു.എൻ പ്രതിനിധികൾ അറിയിച്ചു. ഗസ്സ യുദ്ധം ഇസ്രായേലിന്റെ സാമ്പത്തികാടിത്തറ തകർക്കുന്നതായാണ് റിപ്പോർട്ട്. മൂഡീസ് റേറ്റിങ് കുറച്ചതിന് പിന്നാലെ ജി.ഡി.പിയിലും ഇസ്രായേൽ സമ്പദ്ഘടന കൂപ്പുകുത്തി. ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 19.4 ശതമാനമാണ് ഇടിഞ്ഞത്.
© Copyright 2023. All Rights Reserved