ഗസ്സയിലുടനീളം ഇന്നും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ അധിനിവേശ സേന. ഗസ്സ സിറ്റി, മഗാസി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു
ഗസ്സ സിറ്റിയിലെ ശൈഖ് റദ്‌വാൻ മേഖലയിൽ ഒരു വീടിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ ഗാസയിലെ മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും അനേകംപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
-------------------aud--------------------------------
ദേർ അൽബലാഹിന് സമീപമുള്ള അൽ ഖസ്‌തൽ ടവേഴ്‌സിൽ അപ്പാർട്ട്മെൻറിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങകളടക്കം നാല് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ അഞ്ച്, ഒമ്പത് ബ്ലോക്കുകളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ബ്ലോക്ക് ഒൻപതിൽ അച്ഛനും മകനും കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബ്ലോക്ക് അഞ്ചിൽ റെസിഡൻഷ്യൽ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, ഗസ്സയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവുമടക്കം നിർണായക സഹായ വസ്തുക്കൾ എത്തിക്കാനുള്ള ശ്രമം ഇസ്രായേൽ തടയുകയാണെന്ന് യു.എൻ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഈ മാസം തുടക്കം മുതൽ മിക്ക സഹായ വാഹനങ്ങൾക്കും ഇസ്രായേൽപ്രവേശനം ഇസ്രായേൽ നിഷേധിച്ചതായി യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) റിപ്പോർട്ടിൽ വ്യക്തമാക്കി. അതിനിടെ നാല് ദിവസത്തിനിടെ ഇസ്രായേലി ആക്രമണങ്ങളിൽ 198 പേർ ഗസ്സയിൽ കൊല്ലപ്പെടുകയും 430 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗസ്റ്റ് ഒന്നിനും 11നും ഇടയിൽ 85 സഹായ ദൗത്യങ്ങളിൽ 32 എണ്ണത്തിനും വടക്കൻ ഗസ്സയിലേക്കുള്ള പ്രവേശനം ഇസ്രായേൽ അധികൃതർ നിഷേധിച്ചു. തെക്കൻ ഗസ്സയിലേക്കുള്ള 122 സഹായ ദൗത്യങ്ങളിൽ 36 എണ്ണവും തടഞ്ഞു. നിരന്തരം പലായനത്തിന് വിധേയമാക്കപ്പെടുന്ന മനുഷ്യർക്ക് ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ തടയുന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്ന് യു.എൻ ചൂണ്ടിക്കാട്ടി.
© Copyright 2024. All Rights Reserved