ഗസ്സയിൽ മാനുഷിക ഇടവേളകൾ വേണമെന്ന് യുഎൻ രക്ഷാസമിതി പാസാക്കിയ പ്രമേയം ഇസ്രയേൽ തള്ളി.‘’ഹമാസ് ഉപാധികളില്ലാതെ ബന്ധികളാക്കി ഇസ്രയേലികളെ വിട്ടയക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അമേരിക്ക, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അൽഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേൽ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു.
ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്. അൽ-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവർത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അൽ-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാൻഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു.
ഇസ്രയേൽ സൈന്യം ആശുപത്രിയിൽ അതിക്രമിച്ചു കയറാൻ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് പ്രതികരിച്ചത്. ഇവിടെ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്ന ഇസ്രയേലിന്റെ ആരോപണം ബൈഡൻ ശരിവച്ചതാണ് പ്രശ്നത്തിനു കാരണമെന്ന് ഹമാസ് ആരോപിച്ചു. -ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ അതിക്രമിച്ചുകയറി ഇസ്രായേൽ സേന നടത്തിയ ഭീകരത എമർജൻസി വിഭാഗം ജീവനക്കാരനായ ഉമർ സാകൂത്ത് വിവരിച്ചു. രോഗികളെയടക്കം അവർ പിടികൂടി ക്രൂരമായി മർദിച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസ് ബോംബിട്ട് തകർത്തു. കുട്ടികളും സ്ത്രീകളുമടക്കം ചകിതരായി ഓടുന്ന കാഴ്ചയായിരുന്നു എല്ലായിടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സ തെരുവുകളിൽ ഹമാസും ഇസ്രായേൽ സേനയും തമ്മിൽ രൂക്ഷ പോരാട്ടം തുടരുകയാണ്. രണ്ട് സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. കരയുദ്ധം തുടങ്ങിയതുമുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 47 ആയി. എന്നാൽ, ചൊവ്വാഴ്ച രാവിലെ മുതൽ ഒമ്പത് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും 22 സൈനിക വാഹനങ്ങൾ നശിപ്പിച്ചതായും ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഇസ്രായേൽ നഗരമായ സദറോത്തിലേക്ക് ഹമാസിന്റെ മിസൈൽ ആക്രമണം തുടരുകയാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിനു സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. അൽ ഖറാറയിൽ ധാന്യ മില്ല് ബോംബിട്ട് തകർത്തു. നിരവധി പേർ കൊല്ലപ്പെട്ടു. തുൽകറമിൽ യാസർ അറഫാത്ത് സ്മാരകം ബുൾഡോസർ കൊണ്ട് തകർത്തു. വെസ്റ്റ്ബാങ്കിൽ നടത്തിയ വ്യാപക പരിശോധനയിൽ വിദ്യാർഥികളടക്കം 78 പേരെ അറസ്റ്റ് ചെയ്തു.
ശാത്തി അഭയാർഥി ക്യാമ്പ് പൂർണമായി പിടിച്ചെടുത്തതായി ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസിന് വടക്കൻ ഗസ്സയുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതായും ഗസ്സ സിറ്റിയിൽ നിർണായക വിജയം നേടിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇന്ധനം തീർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഗസ്സയിലെ പൂർണ മരണക്കണക്ക് പുറത്തുവന്നിട്ടില്ല...
© Copyright 2024. All Rights Reserved