ഗസ്സയിൽ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കാൻ ഇസ്രായേൽ ചെലവഴിക്കുന്നത് 46,397,40,82,002 രൂപ. ഇസ്രായേലിന്റെ പരമോന്നത ബാങ്കായ ബാങ്ക് ഓഫ് ഇസ്രായേലാണ് കണക്ക് പുറത്തുവിട്ടത്. 2023നും 2025നും ഇടയിൽ ഏകദേശം 21,000 കോടി ഇസ്രായേൽ ഷെക്കൽ (56 ബില്യൺ ഡോളർ അഥവാ 46,397.40 കോടി രൂപ) ചെലവഴിക്കുമെന്നാണ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്.ഇതിനായി ബജറ്റ് വിഹിതം വർധിപ്പിക്കാൻ ഇസ്രായേൽ സർക്കാർ ഇന്ന് യോഗം ചേരും. അതിനിടെ, സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമീർ യാറോൺ ആവശ്യപ്പെട്ടു.
-------------------aud--------------------------------
യുദ്ധത്തിന് അമിതമായി പണം ചെലവഴിക്കരുതെന്നും യുദ്ധച്ചെലവിന് തുല്യമായ തുക കണ്ടെത്താൻ ഇതരചെലവുകൾ വെട്ടിച്ചുരുക്കണമെന്നും നികുതി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സെൻട്രൽ ബാങ്ക് മേധാവി പദവി വഹിക്കുന്ന യാറോൺ, ഏതാനും ആഴ്ച മുമ്പാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 3 ന് നെതന്യാഹുവുമായി നടന്ന കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി അദ്ദേഹത്തിന് കത്തയച്ചതായി യാറോൺ റോയിട്ടേഴ്സിനോട് പറഞ്ഞു. യുദ്ധച്ചെലവിന് പുറമേ ഗസ്സ, ലബനീസ് അതിർത്തി നഗരങ്ങളിൽനിന്ന് മാസങ്ങളോളമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ചെലവും യുദ്ധം മൂലം രാജ്യം നേരിടുന്ന വരുമാന നഷ്ടവും ചെങ്കടലിലെ ഹൂതി അക്രമണത്തെ തുടർന്ന് തുറമുഖങ്ങളിൽ ചരക്കുനീക്കം മുടങ്ങിയതിലുള്ള സാമ്പത്തിക നഷ്ടവും രാജ്യത്തെ പിടിച്ചുലക്കുകയാണ്. 2023, 2024 വർഷത്തേക്കുള്ള ദ്വിവർഷ ബജറ്റിന് ഇസ്രായേൽ കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഗസ്സ യുദ്ധം സർക്കാറിന്റെ പദ്ധതികൾ തകിടം മറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച നെതന്യാഹുവും ധനമന്ത്രാലയ ഉദ്യോഗസ്ഥരും ബജറ്റുമായി ബന്ധപ്പെട്ട് പ്രഫഷണൽ മീറ്റിംഗ് നടത്തിയെങ്കിലും യാറോണിനെ ക്ഷണിച്ചിരുന്നില്ല. "ബജറ്റിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയില്ലെങ്കിൽ അത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. കടം -ജിഡിപി അനുപാതം തകരും. വരും വർഷങ്ങളിൽ ഇത് ഇസ്രായേലി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും" -യാറോൺ പറഞ്ഞു.
© Copyright 2024. All Rights Reserved