മഴനീർത്തുള്ളികൾ മിന്നിത്തുടിക്കുന്ന പച്ചപ്പിലേക്കു പതിനായിരങ്ങൾ കണ്ണുനട്ടിരുന്നു. കലൂരിലെ കളിക്കോട്ടയിൽ മഞ്ഞയണിഞ്ഞു പോരാടുന്ന താരങ്ങളെയായിരുന്നില്ല ആ കണ്ണുകൾ കാത്തിരുന്നത്. വെള്ളക്കുപ്പായത്തിൽ കളത്തിനരികെയിരുന്നാ മഞ്ഞയെ ഉണർത്തുന്നൊരു മാന്ത്രികനു വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ കളത്തിലിറക്കത്തിനു പക്ഷേ, പതിവിലും താമസം വന്നതോടെ കാത്തിരിപ്പിനു കനമേറി.
നായകൻ അഡ്രിയൻ ലൂണയും സംഘവും വാംഅപ്പിനായി വന്നു മടങ്ങിയിട്ടും ആശാനെ കാണാതായതോടെ ആവേശത്തിനു നിരാശയുടെ നിഴലും വീണു. കഴിഞ്ഞ സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിന്നു ബ്ലാസ്റ്റേഴ്സിനെ തിരികെ വിളിച്ചതു പോലെ നാടകീയമായിരുന്നു 10 മത്സരങ്ങളുടെ വിലക്കിനു ശേഷമുള്ള ഇവാൻ റീഎൻട്രി. ഇരുടീമുകളും കളത്തിലെത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ വന്നിരുന്നില്ല. ദേശീയ ഗാനത്തിനായി ‘അറ്റൻഷൻ’ ആയി നിലയുറപ്പിച്ചപ്പോഴും ഗാലറിയിലെ ശ്രദ്ധയത്രയും മൈതാന കവാടത്തിലായിരുന്നു. കിക്കോഫിനു മിനുട്ടുകൾ ബാക്കിനിൽക്കേ മഞ്ഞക്കവാടം കടന്ന് ആ വെള്ള ഷർട്ടുകാരൻ പ്രത്യക്ഷപ്പെട്ടു. 238 ദിവസം നീണ്ട ‘വനവാസം’ കഴിഞ്ഞു ഇവാൻ വുക്കോമനോവിച്ച് ഐഎസ്എലിന്റെ കളത്തിൽ.
ബ്ലാസ്റ്റേഴ്സിന്റെ മുൻ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറിന്റെ പേരു പതിഞ്ഞ പവിലിയനിനു മുന്നിലായി സെർബിയൻ പരിശീലകൻ നടന്നടുക്കുമ്പോൾ ‘സച്ചിൻ, സച്ചിൻ’ എന്ന വിളികൾ കേട്ടുതഴമ്പിച്ച സ്റ്റേഡിയം ‘ഇവാൻ, ഇവാൻ’ എന്ന ആരവത്തിലേക്ക്. വലതുകൈ ഉയർത്തി സ്വതസിദ്ധമായ പഞ്ച് സമ്മാനിച്ച് ഇവാൻ ആരവത്തിനു തീ കൊളുത്തി. പിന്നെ, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഊർജമുദിക്കുന്ന കിഴക്കൻ ഗാലറിയിലേക്കു നോക്കി കൈ ചൂണ്ടിയൊരു ഓർമപ്പെടുത്തൽ – ഞാൻ ഇതാ തിരികെ എത്തി..
© Copyright 2023. All Rights Reserved