ഇസ്രയേലിനുള്ള ആയുധ കയറ്റുമതി യുകെ താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികൾ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നുള്ള വിമർശനവും ശക്തമാണ്. യുകെ നൽകുന്ന ആയുധങ്ങൾ കൂട്ടക്കുരുതിക്കായി ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് യുകെ വിദേശകാര്യ സെക്രട്ടറി പ്രകടിപ്പിച്ചത്.
-------------------aud--------------------------------
യുകെയുടെ 350 കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞത്. എന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ യുകെ പിന്തുണയ്ക്കും. യുകെയുടെ നടപടി ആയുധ ഉപരോധത്തിന് തുല്യമല്ലെന്ന് ലാമി പറഞ്ഞു . ഗാസാ മുനമ്പിലെ ആക്രമണങ്ങളെ ചൊല്ലി ഇസ്രയേലിലേയ്ക്കുള്ള ആയുധ വിൽപന കുറയ്ക്കാനുള്ള സമ്മർദ്ദം യുകെയും യുഎസും കുറെ നാളുകളായി നേരിടുകയാണ്. ഇസ്രായേലിലേക്കുള്ള ബ്രിട്ടീഷ് ആയുധ കയറ്റുമതി ലൈസൻസിനെ കുറിച്ച് നിരവധി എംപിമാരും അഭിഭാഷകരും അന്താരാഷ്ട്ര സംഘടനകളും ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജൂലൈയിൽ ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ഇസ്രയേലിനുള്ള ആയുധ കയറ്റുമതിയെ കുറിച്ച് പുനരവലോകനം നടത്തിയതായി ലാമി അറിയിച്ചു. യുകെ സർക്കാരിൻറെ നീക്കത്തിൽ കടുത്ത നിരാശയാണ് ഉള്ളതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇത് ഹമാസിനും ഇറാനും അനുകൂലമായ സമീപനമാണ് എന്നാണ് യുകെയുടെ നടപടിയോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് ഇസ്രായേൽ പ്രവർത്തിക്കുന്നതെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. എന്നാൽ നിയന്ത്രണങ്ങൾ വളരെ പരിമിതവും പഴുതകൾ നിറഞ്ഞതുമാണെന്ന് ഈ വിഷയത്തിൽ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സച്ച ദേശ്‌മുഖ് പ്രതികരിച്ചത്.
© Copyright 2023. All Rights Reserved