ഗാസയിലെ അൽ-ഖുദ്സ് ആശുപത്രി അടിയന്തരമായി ഒഴിയണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നതോടെ ഇവിടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചത്. ആശുപത്രിയുടെ 50 മീറ്റർ അകലെ ഇന്നലെയും ബോംബാക്രമണം ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണ്.
വടക്കൻ ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് ആളുകൾ, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പിആർസിഎസ് ഉദ്യോഗസ്ഥർ, ഓപ്പറേഷൻ റൂമുകൾ, ആംബുലൻസ് ജീവനക്കാർ എന്നിവരെല്ലാവരും ആശുപത്രിയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രികളിലെ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ടെഡ്രോസ് അദാനോം ഗ്രെബിയേസസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ആഴ്ചകളിൽ നിരവധി ആശുപത്രികൾക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഇന്നലെ അൽ-ഖുദ്സ് ആശുപത്രി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2019 മുതൽ എല്ലാ വർഷവും ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗാസയിൽ കൊല്ലപ്പെട്ടതായി സർക്കാരിതര ഗ്രൂപ്പായ സേവ് ദി ചിൽഡ്രൻ പറഞ്ഞു. കരയുദ്ധത്തിന്റെ മൂന്നാം ദിവസമാണിന്ന്.
ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 8,005 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ 1,400 ലധികം പേർ കൊല്ലപ്പെട്ടു.
© Copyright 2023. All Rights Reserved