ലോകമെങ്ങുംനിന്നുള്ള വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുന്നു. അൽ ഷിഫ ആശുപതിക്കു സമീപം ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ പോരാട്ടം രൂക്ഷമാണ്. ആശുപ്രതിയിലെ 43 നവജാതശിശുക്കളെയും രോഗികളെയും മറ്റ് ആശുപത്രികളിലേക്കുമാറ്റാൻ സഹകരിക്കാമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഇന്ധനം തീർന്നതിനെ തുടർന്നു വൈദ്യുതി പൂർണമായും നിലച്ച
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ടു
കുട്ടികൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. 1500 രോഗികളിൽ 500
പേരൊഴികെ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്. അൽ ഷിഫ
ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലോകാരോഗ്യ
സംഘടന അറിയിച്ചു. ഗാസയിൽനിന്നുള്ള റഫാ അതിർത്തി ഇന്നലെ വീണ്ടും തുറന്നതോടെ വിദേശികളും പരുക്കേറ്റ പലസ്തീൻകാരുമായി 80 പേർ ഈജിപ്തിലെത്തി. കഴിഞ്ഞ 48 മണിക്കൂറിൽ ഇസ്രയേലിന്റെ 27 ടാങ്കുകൾ ഉൾപ്പെടെ 160 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ആക്രമണം ആരംഭിച്ചശേഷം തങ്ങളുടെ 46 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഇതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇന്നലെ ഒരു വീടിനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ 13 പലസ്തീൻകാർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 11,078 ആയി. വെസ്റ്റ് ബാങ്കിലെ ജെനിനിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 2 സിവിലിയൻമാർക്കു പരുക്കേറ്റതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ച കഴിഞ്ഞദിവസം സജീവമായിരുന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയിൽനിന്നു പിന്മാറിയതായി ഹമാസ് അറിയിച്ചു.
© Copyright 2025. All Rights Reserved