ഗാസ: ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ സൈന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടർ കേന്ദ്രം തകർക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേൽ വിശദീകരണം. മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേർ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്കരിച്ചിരുന്നു. വടക്കൻ ഗാസയുടെ പൂർണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.അൽഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്റെ വലിയ ടണൽ നെറ്റ്വർക്കുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു. അൽ ഷിഫാ ആശുപത്രിക്ക് നേരെ വലിയ ആക്രമണത്തിന് ഇസ്രയേൽ കോപ്പുകൂട്ടുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുമുണ്ടായിരുന്നു. അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു.
© Copyright 2024. All Rights Reserved