ടാങ്കുകൾ വളഞ്ഞതിനുപിന്നാലെ, വടക്കൻ ഗാസയിലെ ആശുപ്രതികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി. അഭയകേന്ദ്രമാക്കി മാറ്റിയ അൽ ബുറാഖ് സ്കൂളിൽ ബോംബിട്ടതിനെത്തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപ്രതിയായ അൽ ഷിഫയിൽ ഇന്നലെ പുലർച്ചെ 5 വട്ടമാണു ബോംബിട്ടത്. അൽഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 20 പേർക്കു പരുക്കേറ്റെന്നും റെഡ് ക്രോസ് അറിയിച്ചു.
ഗാസ സിറ്റിയിലെ അൽ നാസർ ആശുപത്രി, റന്റിസി ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഇന്തൊനീഷ്യൻ ഹോസ്പിറ്റൽ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റർ പരിധിയിൽ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കയ്റോയിൽ ഗാസ വിഷയത്തിൽ ചർച്ച നടത്തി.
© Copyright 2023. All Rights Reserved