"ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ നഗരം സമ്പൂർണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിൽ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, ഗാസ വളഞ്ഞതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. ഹമാസിനെ മേഖലയിൽനിന്നു വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മുന്നേറ്റം." "ലോകരാജ്യങ്ങൾ ഒന്നടങ്കം വെടിനിർത്തൽ എന്ന ആവശ്യം ഉയർത്തുമ്പോഴും, അതു പരിഗണനയിൽ പോലുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്."
"അതേസമയം, ഗാസയിൽ ഉടനീളമുള്ള ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് ശക്തമായി പ്രതിരോധിക്കുന്നതായാണ് വിവരം. ഗാസയിൽ കടക്കുന്ന ഇസ്രയേൽ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ് വക്താവ് രംഗത്തെത്തി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000ത്തിന് അടുത്തെത്തി. അതിൽ ഏറിയ പങ്കും കുട്ടികളും സ്ത്രീകളുമാണ്. ആയിരക്കണക്കിന് ആളുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഗാസ വളഞ്ഞ് ഇസ്രയേൽ സൈന്യം നടത്തുന്ന മുന്നേറ്റം ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്."
© Copyright 2023. All Rights Reserved