ബ്രിട്ടനെ ആകെ ഉലച്ച് ഗെരിത്ത് കൊടുങ്കാറ്റിന്റെ താണ്ഡവം. വ്യാപക നാശനഷ്ടം ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നത്. കൊടുങ്കാറ്റിനൊപ്പം മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊർണാഡോയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. വൻമരങ്ങൾ കടപുഴകി റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ട്രെയിൻ സർവീസുകളും വ്യോമ ഗതാഗതവും താറുമാറായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി നിലച്ചു . കനത്ത മഴയിൽ വാഹനം നദിയിലേക്ക് ഒഴുകിപ്പോയി മൂന്ന് പേർ മരണമടഞ്ഞു. ഇന്നലെ രാവിലെ നോർത്ത് യോർക്ക് മൂഴ്സിൽ എസ്‌ക് നദി മറികടക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എമർജൻസി സർവ്വീസുകൾ സംഭവസ്ഥലത്തെത്തി കാർ പുറത്തെടുത്തെങ്കിലും അതിലുണ്ടായിരുന്ന മൂന്നുപേരും മരണമടഞ്ഞിരുന്നു.
ഓഫ് -റോഡ് ഡ്രൈവിംഗിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു അവർ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ നദി അവരെ വിഴുങ്ങുകയായിരുന്നു. ഏതാണ്ട് 400 യാർഡ് ദൂരത്തോളം വാഹനം ഒഴുക്കിക്കൊണ്ടുപോയി എന്നും ദൃക്സാക്ഷികൾ പറയുന്നു. സമീപത്തുണ്ടായിരുന്ന ഒരു ട്രാക്ടർ ഉപയോഗിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവർ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്‌നിശമന പ്രവർത്തകരെത്തിയായിരുന്നു കാർ നദിയിൽ നിന്നും പുറത്തെടുത്തത്.
അതിനിടെ, ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വലിയ നാശനഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും വാർത്തകളാണ് വരുന്നത്. ഗ്രെയ്റ്റർ മാഞ്ചസ്റ്റർ, സ്റ്റേബ്രിഡ്ജിൽ കാറ്റത്ത് ഒരു വീടിന്റെ മേൽക്കൂര തകർന്ന് വീണു. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബ അദ്ഭുതകരമായാണ് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീട് തകരുമ്പോൾ കുടുംബം അവരുടെ കിടപ്പുമുറിയിലായിരുന്നു. ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു.
ഇവിടെ നിരവധി വീടുകളുടെ മേൽക്കൂരകളാണ് പറന്നുപോയതും തകർന്നടിഞ്ഞതും. അതുകൂടാതെ കനത്ത കാറ്റിൽ കടപുഴകി വീണ മരങ്ങളും നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യമാകെ ആഞ്ഞടിക്കുന്ന ടൊർണാഡൊ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെടാൻ നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചതായി ടെയ്ംസൈഡ് കൗൺസിൽ അറിയിച്ചു.
© Copyright 2023. All Rights Reserved