രണ്ട് ആഴ്ചയിലേറെയായി സമൂഹ മാധ്യമങ്ങളിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട്ട് സെന്റർ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുൻ ജീവനക്കാരൻറെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശി കെകെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.
-------------------aud--------------------------------fcf308
2019ൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിതമായ ഡിഫറന്റ് ആർട്ട് സെന്റർ (DAC) ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്, സംഗീതം, മറ്റ് പെർഫോമിംഗ് ആർട്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഡിഎസി, ഒരു ബാച്ചിൽ 100 കുട്ടികളെ വീതം തിരഞ്ഞെടുത്ത് ടാലന്റ് ടെസ്റ്റിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.ഭിന്നശേഷിക്കാരായ 300 ഓളം കുട്ടികൾക്ക് സംഗീതം, നൃത്തം, ചിത്രകല, വിവിധ സംഗീതോപകരണങ്ങൾ എന്നിവയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുമെന്ന് പറയപ്പെടുന്ന ഡിഎസി കുട്ടികളെ ഫണ്ട് ശേഖരണത്തിന് ഉപയോഗിച്ചതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ആരോപണങ്ങൾ നേരിട്ടിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വിദഗ്ധയായ ചിത്ര സിആർ ഡിസംബർ 29 ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാപനത്തിനെതിരെ സാമ്പത്തിക കെടുകാര്യസ്ഥത ആരോപണം ഉന്നയിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. പിന്നീട് ചിത്ര ഉൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഈ വെളിപ്പെടുത്തലുകൾ മുതുകാടിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഭൂരിഭാഗം മലയാളികളെയും അക്ഷരാത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. തുടർന്ന് ഡിഎസിയിലെ മുൻ ജീവനക്കാരൻ ഷിഹാബ് തന്നെ ആരോപണങ്ങൾ ശരിയെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. “ഭക്ഷണത്തിന് ഇടവേള പോലുമില്ലാതെ തുടർച്ചയായി പ്രകടനം നടത്താൻ കുട്ടികൾ നിർബന്ധിതരായതായി ഷിഹാബ് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചത്.
അക്കാദമിയിൽ അതിഥികൾക്കു മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിൻറെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിൻറെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവർക്ക് യഥാസമയം ഭക്ഷണം നൽകാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായിരുന്നില്ല.
© Copyright 2025. All Rights Reserved