ആഗോള സംഗീത ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നായ ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ കലാകാരന്മാർക്കും നേട്ടം. പ്രശസ്ത തബല വിദ്വാൻ സക്കീർ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആൽബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീർ ഹുസൈന് പുരസ്കാരങ്ങൾ ലഭിച്ചത്. ഓടക്കുഴൽ വാദകൻ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചു.
ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് അവാർഡ് ദിസ് മൊമെൻറ് എന്ന ആൽബത്തിനാണ്. സക്കീർ ഹുസൈനൊപ്പം ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് ജോൺ മക് ലോഗ്ലിൻ, വാദ്യകലാകാരൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ഉൾപ്പെട്ട ഫ്യൂഷൻ ബാൻഡ് ശക്തിയുടേതായി ഈ ആൽബം. ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള പുരസ്കാരം സക്കീർ ഹുസൈനൊപ്പം രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാർ മേയർ എന്നിവർ ചേർന്ന് ഒരുക്കിയ പഷ്തോ എന്ന ഗാനത്തിനാണ്. മികച്ച സമകാലിക ആൽബത്തിനുള്ള പുരസ്കാരം ആസ് വി സ്പീക്ക് എന്ന ആൽബത്തിനാണ്. സക്കീർ ഹുസൈൻ, രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാർ മേയർ എന്നിവരാണ് ഈ ആൾബത്തിനും പിന്നിൽ. സക്കീർ ഹുസൈന് മൂന്നാമത്തെ തവണയാണ് ഗ്രാമി പുരസ്കാരങ്ങൾ ലഭിക്കുന്നത്. പ്ലാനെറ്റ് ഡ്രം എന്ന ആൽബത്തിന് 1992 ലും ഗ്ലോബൽ ഡ്രം പ്രോജക്റ്റ് എന്ന ആൽബത്തിന് 2009 ലും സക്കീൻ ഹുസൈൻ ഗ്രാമിയിൽ പുരസ്കൃതനായിട്ടുണ്ട്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന പരിപാടിയിലാണ് അവാർഡുകൾ സമ്മാനിച്ചത്.
© Copyright 2023. All Rights Reserved