നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ 19കാരൻ സാം കോൺസ്റ്റാസും തമ്മിൽ വാക്കു തർക്കം. കന്നി അന്താരാഷ്ട്ര പോരിൽ അർധ സെഞ്ച്വറിയടിച്ച കോൺസ്റ്റാസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗ്രൗണ്ടിൽ വാക്കു തർക്കത്തിനും കാരണക്കാരനായി.
-------------------aud------------------------------
മത്സരത്തിൽ അർധ സെഞ്ച്വറിയുമായി കോൺസ്റ്റാസ് തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. ബാറ്റിങിനിടെ കോൺസ്റ്റാസ് നോൺ സ്‌ട്രൈക്ക് എൻഡിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് കോഹ്‌ലി എതിർ ദിശയിൽ നിന്നു വരുന്നു. ഇരുവരും തമ്മിൽ പക്ഷേ കൂട്ടിയിടിച്ചു.ഇതോടെ ഇക്കാര്യം കോൺസ്റ്റാസ് ചോദ്യം ചെയ്തു. പരസ്പരം കൂട്ടിയിടിച്ചതു ശ്രദ്ധിക്കാതെ കോഹ്‌ലി നടന്നു പോയി. എന്നാൽ കോൺസ്റ്റാസ് ഇക്കാര്യം ചോദ്യം ചെയ്തതോടെ താരത്തിനു സമീപം തിരിച്ചെത്തി കോഹ്‌ലി മറുപടി പറഞ്ഞു. ഇതോടെ തർക്കം രൂക്ഷമായി. സഹ ഓപ്പണർ ഉസ്മാൻ ഖവാജയും അംപയറും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.
ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ് കോഹ്‌ലിയെയാണ് വിഷയത്തിൽ കുറ്റപ്പെടുത്തുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഐസിസി ഇരുവർക്കും എതിരെ നടപടിയെടുക്കുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടി കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തിൽ മടങ്ങി.
© Copyright 2024. All Rights Reserved