നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ മണ്ണിലുണ്ടായിരുന്ന ജനജീവിതത്തിന്റെ തുടിക്കുന്ന അടയാളങ്ങൾ തേടുകയാണ് സൗദി അറേബ്യയിലെ പുരാവസ്തുവകുപ്പ്. ഒരു കാലത്ത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന രാജവംശങ്ങളുടെയും വർത്തക സംഘങ്ങളുടെയും മറ്റും ശേഷിപ്പുകൾ ഇപ്പോഴും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്ഖനനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഹായിലിൽ നിന്ന് 200 കിലോമീറ്റർ അകലെ കഹ്ഫയിൽ കണ്ടെത്തിയ മണൽ പാറയിൽ കൊത്തിയെടുത്ത ഒരു പ്രതിമയാണ് ഇവയിൽ പ്രധാനപ്പെട്ടത്. ബിസി 3100നും 3500 നും ഇടയിലാണ് ഈ ദുഃഖിതനായ മനുഷ്യൻറെ പ്രതിമ നിർമിച്ചതെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. തലയും ശരീരവും മാത്രമുള്ള ഈ പ്രതിമയെ 1974ൽ ആടിനെ മേക്കുന്ന ഒരു വനിതയാണ് കണ്ടെത്തിയത്. ബിസി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാബിലോണിയൻ രാജാവ് നബോണിഡസിൻറെ കാലത്തെ ശിലാലിഖിതങ്ങൾ 2021ൽ ഹായിലിലെ ഒരു പാറയിൽ കണ്ടെത്തിയിരുന്നു. രാജാവ് ചെങ്കോൽ പിടിച്ചിരിക്കുന്ന ചിത്രവും ഏതാനും ലിഖിതങ്ങളും ഇവിടെ ഒരു പാറയിൽ കൊത്തിവെച്ചിട്ടുണ്ട്. കിന്ദ രാജവംശത്തെ തലസ്ഥാന നഗരിയായ റുബുൽ ഖാലിയിലെ അൽഫാവ് 2022ലാണ് പുരാവസ്തുഗവേഷക സംഘം കണ്ടെത്തിയത്. ഇവിടെ അവരുടെ ആരാധനാലയങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ കണ്ടെത്തിയത് ആ രാജവംശത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സഹായകമായി. ക്രി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലേക്ക് വെളിച്ചം വീശുന്ന നിരവധി രേഖകൾ 2022ൽ ജിസാനിലെ ഫർസാൻ ദ്വീപിൽ നിന്ന് കണ്ടെടുത്തു. നജ്റാനിലെ ഉഖ്ദൂദ് മലയോര മേഖലയിൽ നിന്ന് പൂരാതന കാലത്തെ മൂന്ന് വളകളും കാളത്തലയും മറ്റും 2023 ഫെബ്രുവരി 15ന് കണ്ടെത്തി. ഈ വർഷം ഓഗസ്റ്റ് 15ന് അസീർ പ്രവിശ്യയിലെ അൽബ്ലാ പ്രദേശത്ത് ഏതാനും വീടിന്റെ അവശിഷ്ടങ്ങളും ജല സംഭരണികളും പുരാവസ്തുവകുപ്പിന്റെ ഉദ്ഖനനത്തിൽ കണ്ടെത്തി. പുരാവസ്തുക്കൾ ലഭിക്കാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം വകുപ്പിന്റെ നേതൃത്വത്തിൽ ഗേവഷകർ ഉദ്ഖനനം തുടരുകയാണ്. ഇനിയും അമൂല്യ നിധികൾ കണ്ടെത്തുമെന്നാണ് വകുപ്പിൻ്റെ പ്രതീക്ഷ.
© Copyright 2024. All Rights Reserved