ചാനല്‍ വഴി ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കുന്നത്തിനിടയിൽ ഫ്രഞ്ച് പോലീസിനെ ആക്രമിച്ച രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ചെറുയാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്നതിന് മുന്‍പായി അവരെ തടഞ്ഞ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ട് അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഇറാഖില്‍ നിന്നുള്ള സാലി തെയ്ബ് അബ്ദുള്ള എന്ന 33 കാരനും സുഡാനില്‍ നിന്നുള്ള അഹമ്മദ് ഒമര്‍ സാലേ ഖാദര്‍ എന്ന 25 കാരനുമാണ് ഡോവറില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ആണ് കാന്റര്‍ബറി ക്രൗണ്‍ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെയും രണ്ട് മാസത്തെയും തടവ് ശിക്ഷക്ക് വിധിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കലേയ്‌സിന് സമീപമുള്ള ഓയേ പ്ലേജിൽ യു കെയിലേക്കുള്ള ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്ന അമ്പത് അംഗ സംഘത്തെ കണ്ട ഫ്രഞ്ച് പോലീസുകാര്‍ അവരെ തടയാന്‍ ശ്രമിച്ചത്. പക്ഷെ ഇവർ താത്ക്കാലിക ആയുധങ്ങളും കല്ലുകളുമായി ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
പിന്നീട് ബ്രിട്ടനില്‍ എത്തിയ ഈ സംഘത്തിലെ അക്രമികളായ രണ്ടു പേരെ യു കെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യു കെ, ഫ്രഞ്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഇവരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ ക്യാമറകളാണ്. അനധികൃതമായി യു കെയില്‍ എത്തിയതിനാണ് ഇവര്‍
ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
© Copyright 2023. All Rights Reserved