അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ധാരണയായതായി റിപ്പോർട്ട്. ടൂർണമെൻറിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് യു.എ.ഇ വേദിയാകും.
ബാക്കി മത്സരങ്ങൾ പാകിസ്താനിലും നടക്കും. 2027 വരെയുള്ള ഐ.സി.സി ടൂർണമെൻറുകളിൽ ഹൈബ്രിഡ് മോഡൽ പിന്തുടരും. ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെൻറുകളിൽ പാകിസ്താൻറെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റും. വ്യാഴാഴ്ച പുതിയ ഐ.സി.സി അധ്യക്ഷൻ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ദുബൈയിലുണ്ടാകും.
-------------------aud------------------------------
ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വൻറി20 ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ പാകിസ്താൻറെ മത്സരങ്ങൾ ശ്രീലങ്കയിലേക്കോ മറ്റോ മാറ്റേണ്ടിവരും. ‘ഹൈബ്രിഡ്’ മോഡൽ അംഗീകരിക്കണമെങ്കിൽ, 2031 വരെ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെൻറുകളിൽ പാകിസ്താൻറെ മത്സരങ്ങളും ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തു. ഒടുവിൽ 2027 വരെ ഹൈബ്രിഡ് രീതി പിന്തുടരാമെന്ന് തീരുമാനിക്കുകയായിരുന്നു. ദുബൈയിൽ വ്യാഴാഴ്ച ചേരാനിരുന്ന ഐ.സി.സി നിർണായക ബോർഡ് യോഗം അവസാന നിമിഷം നീട്ടിവെച്ചിരുന്നു. പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടൂർണമെൻറ് പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന് പി.സി.ബിയും നിലപാടെടുത്തു. ഐ.സി.സി താക്കീത് നൽകിയതോടെ ഹൈബ്രിഡ് മോഡലിന് പി.സി.ബി ഒടുവിൽ സമ്മതിച്ചെങ്കിലും അതിനായി അവർ മുന്നോട്ടുവെച്ച നിബന്ധനകൾ ബി.സി.സി.ഐ അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെൻറുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെൻറെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
© Copyright 2024. All Rights Reserved