ചാൻസലർ റേച്ചൽ റീവ്‌സിന്റെ ഒക്ടോബർ ബജറ്റ് ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ ഉദ്ദേശിച്ചതിന് വിപരീതമായാണ് കാര്യങ്ങൾ സംഭവിക്കുന്നത്. നാഷണൽ ഇൻഷുറൻസ് വർദ്ധനയുടെ ആഘാതം അനുഭവിച്ച ബിസിനസ്സുകൾ നെഗറ്റീവായി പ്രതികരിച്ചതോടെ സാമ്പത്തിക വളർച്ചയും മുരടിക്കുകയാണ്. ഇതിന് പുറമെയാണ് എയർ പാസഞ്ചർ ഡ്യൂട്ടിയിൽ നടത്തിയ വർദ്ധനയുടെ ആഴവും വ്യക്തമാകുന്നത്. ഹോളിഡേ ടാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ നികുതി വർദ്ധനവുകൾ മിക്ക വിമാനയാത്രകൾക്കും 15 ശതമാനം വർദ്ധനവ് സമ്മാനിക്കുമെന്നാണ് കണക്കുകൾ. നിലവിൽ 2.6 ശതമാനം മാത്രമുള്ള പണപ്പെരുപ്പത്തിന്റെ അഞ്ചിരട്ടി വർദ്ധനവാണ് ഇതിലൂടെ നേരിടുക.
-------------------aud--------------------------------
ടാക്‌സ് പെയേഴ്‌സ് അലയൻസ് നടത്തിയ പഠനത്തിൽ 2026 ഏപ്രിൽ ആകുന്നതോടെ റീവ്‌സിന്റെ എപിഡി നിരക്ക് വർദ്ധന കൂടി ചേരുമ്പോൾ 111 ശതമാനം വർദ്ധന നേരിടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ നികുതി ചുമത്താൻ തുടങ്ങിയ 1994 മുതലുള്ള വ്യത്യാസമാണിത്. അതേസമയം ഇതേ സമയത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഹൃസ്വയാത്രകൾക്ക് നിരക്ക് 200 ശതമാനത്തോളം വർദ്ധിച്ചുവെന്നാണ് കണക്ക്.
ദീർഘദൂര യാത്രകൾക്ക് 920 ശതമാനം കുതിപ്പാണ് നികുതിയിൽ രേഖപ്പെടുത്തുന്നത്. അൾട്രാ-ദീർഘ യാത്രകളാണെങ്കിൽ 960 ശതമാനം വർദ്ധനവും അനുഭവിക്കണം. ഈ നടപടികളിലൂടെ 2026 മുതൽ 2030 വരെ സമയത്ത് ചാൻസലർക്ക് 2.5 ബില്ല്യൺ പൗണ്ട് എപിഡിയിൽ നിന്ന് മാത്രമായി ലഭിക്കും. പണപ്പെരുപ്പത്തിന് ഒപ്പം എപിഡി വർദ്ധിച്ചിട്ടില്ലെന്ന റീവ്‌സിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
നിലവിൽ 2000 മൈൽ വരെ യാത്രകൾ ഇക്കോണമിയിൽ 13 പൗണ്ടാണ് നികുതി. 5000 മൈൽ വരെ 88 പൗണ്ടും, അൾട്രാ ദീർഘ യാത്രകൾക്ക് 92 പൗണ്ടുമാണ് നികുതി. ഈ നിരക്കിലാണ് 15 ശതമാനത്തിലേറെ വർദ്ധനവ് വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ഒരു വ്യക്തിക്ക് 102 പൗണ്ട് വരെയാണ് നിരക്ക് ഉയരുക. ഇതോടെ കുടുംബവുമായി സഞ്ചരിച്ചാൽ വ്യത്യാസം കൂടുതൽ പ്രകടമാകും.
© Copyright 2024. All Rights Reserved