ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കിടയിൽ വിലകുറഞ്ഞ സമ്മാനങ്ങൾ പരസ്പരം നൽകി കളിയാക്കുന്ന ഒരു പതിവ് ക്രിസ്മസ് കാലത്തുണ്ട്. എന്നാൽ, ഇത്തരം താമശകൾ അവർ ജീവനക്കാരോടും നടത്താറുണ്ടെന്ന് കൊട്ടാരത്തിലെ ഒരു മുൻ ജീവനക്കാരൻ വെളിപ്പെടുത്തുന്നു. തീർത്തും വിചിത്രവും അസാധാരണവുമായ ക്രിസ്മസ് സമ്മാനങ്ങളാണ് ചാൾസ് രാജാവ് നൽകാറുള്ളതെന്ന് മുൻ ജീവനക്കാരൻ ഗ്രാന്റ് ഹാരോൾഡ് വെളിപ്പെടുത്തുന്നു. ഏഴു വർഷക്കാലത്തോളം ചാൾസിനൊപ്പം പ്രധാന പാചകക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ് ഗ്രാന്റ് ഹാരോൾഡ്.
മാത്രമല്ല, ഈ സമ്മാനങ്ങൾ നേരിട്ട് നൽകാതെ ജീവനക്കാരുടെ ലോക്കറുകളിൽ അവരറിയാതെ കൊണ്ടുവന്നു വയ്ക്കുന്ന പതിവും ഉണ്ടത്രെ. ഒരിക്കൽ, രാജാവ് നൽകിയത് ഒരു സാൽമൻ ടിൻ ആയിരുന്നു എന്ന് ഹാരോൾഡ് ഓർക്കുന്നു. ഒരു വർഷം ലഭിച്ചത് ഭംഗിയായി പൊതിഞ്ഞ ഒരു സോൾട്ട് ആൻഡ് പെപ്പർ ഗ്രൈൻഡറും. നർമ്മബോധം നല്ലതുപോലെ ഉള്ളവരാണ് രാജകുടുംബാംഗങ്ങൾ എന്നു പറഞ്ഞ ഹാരോൾഡ്, ആ ജന്മവാസനയായിരിക്കാം ഇത്തരം തമാശകളായി പ്രതിഫലിക്കുന്നതെന്നും പറയുന്നു.
രാജകൊട്ടാരത്തിലെ ജീവനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് രാജകുടുംബാംഗങ്ങളിൽ നിന്നും ക്രിസ്മസ് കാർഡുകൾ ലഭിക്കുക എന്നത്. കാമില രാജ്ഞിയെ വിവാഹം കഴിക്കുന്നതിന് മുൻപ് വരെ ചാൾസ് രാജാവ് തനിക്ക് ക്രിസ്മസ് കാർഡുകൾ തരാറുണ്ടായിരുന്നു എന്ന് ഹാരോൾഡ് പറഞ്ഞു. അതുപോലെ വില്യം രാജകുമാരനും ഹാരി രാജകുമാരനും തനിക്ക് ക്രിസ്മസ് കാർഡുകൾ നൽകാറുണ്ടായിരുന്നു എന്നും അയാൾ പറയുന്നു.
തമാശക്കായി വിചിത്രമായ സമ്മാനങ്ങൾ നൽകുമ്പോഴും, ടീ കപ്പുകൾ, വിസ്‌കി ഗ്ലാസ്സുകൾ തുടങ്ങി നല്ല ക്രിസ്മസ് സമ്മാനങ്ങളും നൽകാറുണ്ട്. ഒരു വർഷം തനിക്ക് ലഭിച്ചത് അതി മനോഹരമായ ഒരു വാട്ടർ ജഗ്ഗ് ആയിരുന്നു എന്നും ഹാരോൾഡ് പറഞ്ഞു. ഇത്തവണ കൂടുതൽ ജീവനക്കാർക്കായി രാജാവിന് സമ്മാനങ്ങൾ വാങ്ങേണ്ടി വരും. രാജ്ഞി എല്ലാ വർഷവും ഏതാണ്ട് 600 സമ്മാനങ്ങളോളം വാങ്ങുമായിരുന്നു.
© Copyright 2023. All Rights Reserved