സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നു. അടുത്ത മാസം പത്തിനാണ് അദേഹം സർവീസ് കാലാവധി പൂർത്തിയാക്കുന്നത്. ഇതിന് മുമ്പായി തന്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദേഹം ശുപാർശ ചെയ്തു. ഇക്കാര്യങ്ങൾ വ്യക്തമാക്കി
ചന്ദ്രചൂഡ് കേന്ദ്രസർക്കാറിന് കത്തയച്ചു.
-------------------aud--------------------------------
പുതിയ ചീഫ് ജസ്റ്റിസിനെ നിർദേശിക്കാനാവശ്യപ്പെട്ട് കേന്ദ്രം ചന്ദ്രചൂഡിന് നേരത്തെ കത്തയച്ചിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കേന്ദ്രം ശിപാർശ അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന അടുത്ത മാസം ചുമതലയേൽക്കും. 2025 മേയ് 13വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ട്.
ഡൽഹി സ്വദേശിയായ ജസ്റ്റിസ് ഖന്ന, 1983 ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായി തുടങ്ങി. ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു
2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലെത്തിയ വ്യക്തികളിൽ ഒരാളാണ് സഞ്ജീവ് ഖന്ന. സുപ്രീംകോടതി ലീഗൽ സർവിസ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു. 2019 ജനുവരി 18നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുക തുടങ്ങി സുപ്രീംകോടതിയുടെ നിർണായക വിധികളിൽ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഇഡി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു.
© Copyright 2024. All Rights Reserved