ചെങ്കടലിലെ പുതിയ സംഭവങ്ങൾ എണ്ണവിലയിൽ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്ന് ആശങ്ക. മേഖല പ്രക്ഷുബ്ദമാകുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധിയാകും. ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വളർച്ചയെ ഇത് ബാധിച്ചേക്കുമെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർഗ് ബ്രെൻഡ് മുന്നറിയിപ്പ് നൽകി. ഹൂതികളും അമേരിക്കയും ബ്രിട്ടനുമാണ് ചെങ്കടലിൽ പോരടിക്കുന്നത്.
അതേസമയം, വിഷയത്തിൽ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചെങ്കടൽ വഴിയുള്ള ചരക്കു കടത്ത് തടസപ്പെട്ടാൽ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതിയെ ബാധിക്കും. എന്നാൽ മറ്റു വൻകിട രാജ്യങ്ങളെ ബാധിക്കുന്ന അത്ര ഇന്ത്യയെ ബാധിക്കില്ല. ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനിലെത്തുമ്പോൾ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം.
-------------------aud--------------------------------fcf308
ചെങ്കടലിലെ പ്രശ്‌നങ്ങൾ പ്രധാനമായും ബാധിക്കുക ഇസ്രായേലിനെയും യൂറോപ്പിനെയും ആഫ്രിക്കയെയുമാണ്. ഹൂതികൾ ലക്ഷ്യമിടുന്നത് ഇസ്രായേലിനെയാണ്. എന്നാൽ പ്രമുഖ കപ്പൽ കമ്പനികൾ ഇതുവഴിയുള്ള സർവീസ് നിർത്തിയത് ചരക്കുകടത്തിനെ ബാധിച്ചു. മാത്രമല്ല, കപ്പലുകൾ കണ്ടെയ്‌നറുകളുടെ ഇൻഷുറൻസ് തുക ഉയർത്തിയതും ചെലവ് വർധിപ്പിച്ചിട്ടുണ്ട്.
ചെങ്കടൽ പാത ഒഴിവാക്കി യാത്ര ചെയ്യുക എന്നത് കപ്പൽ കമ്പനികൾക്ക് വളരെ ചെലവേറിയതാണ്. ചെങ്കടൽ പാത അടഞ്ഞാൽ സൂയസ് കനാൽ വഴിയും അടയും. ഇതാകട്ടെ, യൂറോപ്പിനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. സൂയസ് കനാൽ വഴി ഇന്ത്യയുടെ നിരവധി ചരക്കു കപ്പലുകൾ യാത്ര ചെയ്യുന്നതാണ്. ഇതിനെല്ലാം പുറമെയാണ് ഈ പ്രതിസന്ധി കാരണം എണ്ണ വില വർധിക്കുമെന്ന ആശങ്ക. ഇന്ത്യയുൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾ 10 മുതൽ 20 ഡോളർ വരെ അധികം നൽകേണ്ടി വന്നേക്കും. ബാരലിന് ഇത്രയും വർധന വരുന്നത് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കും. ഇക്കാര്യം മുൻകൂട്ടി കണ്ടാണ് ഇന്ത്യ ഇറാനിൽ വിഷയം ചർച്ചയാക്കുന്നത്. ഹൂതികളെ പിന്തിരിപ്പിക്കാൻ കഴിയുന്ന ഏക രാജ്യം ഇറാനാണ്.അതേസമയം, ഇന്ത്യയ്ക്ക് എണ്ണ വില കുറച്ച് നൽകാമെന്ന് സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നൽകുന്ന എണ്ണയും വില കുറച്ച് കിട്ടും. ഈ സാഹചര്യത്തിൽ കൂടുതൽ എണ്ണ സൗദിയിൽ നിന്ന് ഇന്ത്യ ഇറക്കിയേക്കും. പ്രത്യേകിച്ച് റഷ്യയുടെ എണ്ണയ്ക്ക് വില കുറയ്ക്കാത്ത സാഹചര്യത്തിൽ. റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ അൽപ്പം കുറച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സൗദി അറേബ്യ വില കുറച്ചിരിക്കുന്നത്.ചരക്ക് കപ്പലുകളുടെ സുരക്ഷ, ചെങ്കടൽ വഴിയുള്ള ചരക്കു കടത്ത്, കടൽ കൊള്ളക്കാരുടെ ശല്യം, വ്യാപാര സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളെല്ലാം എസ് ജയശങ്കർ ഇറാൻ നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൂതികൾക്ക് നേരെ അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തിയിരുന്നു. തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നൽകിയ പിന്നാലെയാണ് ജയശങ്കർ ഇറാനിലെത്തുന്നത്.
© Copyright 2024. All Rights Reserved