ചൈനയിൽ പോയി മടങ്ങിയെത്തി പേരിന് ചില പദ്ധതികൾ പ്രഖ്യാപിച്ച ചാൻസലർ ബ്രിട്ടനെ ഒരു പരിഹാസപാത്രമാക്കി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കാര്യമായ ഒരു പ്രയോജനവും ഇല്ലാതെയാണ് ചാൻസലർ മടങ്ങിയതെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിക്കുന്നു. ബീജിംഗിൽ നിന്നും വന്ന ചാൻസലർ കൊണ്ടുവന്നത് എകദേശം 400 മില്യണിന്റെ പദ്ധതികൾ മാത്രമാണ്. അതിനിടെ സർക്കാരിന്റെ വായ്പാ ചെലവുകൾ വർദ്ധിച്ചതോടെ കടം വീട്ടുന്നതും പൊതുചെലവുകൾക്ക് പണം കണ്ടെത്തുന്നതും ക്ലേശകരമാകും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇതിനായി ഒന്നുകിൽ നികുതികൾ ഇനിയും കുത്തനെ ഉയർത്തേണ്ടതായി വരും. അതല്ലെങ്കിൽ പൊതു ചെലവുകൾ വലിയ രീതിയിൽ തന്നെ വെട്ടിക്കുറയ്ക്കണം. ഏതായാലും വരുന്ന മാർച്ച് അവസാനം ചാൻസലർ നടത്തുന്ന ഫിസ്‌കൽ സ്റ്റേറ്റ്‌മെന്റ്‌റിൽ ഒരു തീരുമാനം ഉൾക്കൊള്ളിക്കേണ്ടതായി വരും.
-------------------aud--------------------------------
സാമ്പത്തിക രംഗം ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് സന്ദർശനം ഒഴിവാക്കണമെന്ന ആവശ്യം ചാൻസലർ റേച്ചൽ റീവ്‌സ് ചെവികൊണ്ടില്ല. 1976 ലെ ബ്രിട്ടന്റെ കടക്കെണിയെ ഓർമ്മിക്കും വിധം സാഹചര്യങ്ങൾ എത്തിയിട്ടും അടിയന്തിര നടപടികൾക്ക് മുതിരാതെ അവർ ചൈനയിലേക്ക് പറക്കുകയായിരുന്നു. ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെംഗുമായും വൈസ് പ്രീമിയർ ഹി ലിഫെംഗുമായും റേച്ചൽ റീവ്‌സ് കൂടിക്കാഴ്ചകൾ നടത്തി. 2019ന് ശേഷം ബ്രിട്ടനും ചൈനയും തമ്മിൽ നടത്തുന്ന ആദ്യത്തെ ഉന്നതതല സാമ്പത്തിക യോഗമായിരുന്നു ഇത്. സിൻജിയാംഗിലും, ഹോങ്കോംഗിലും ചൈന നടത്തുന്ന ഇടപെടലുകളും അതുപോലെ തായ്വാൻ വിഷയവും കഴിഞ്ഞ ടോറി സർക്കാരിന്റെ കാലത്ത് ബ്രിട്ടനും ചൈനയുമായുള്ള ബന്ധം അത്ര സുഖകരമല്ലാത്ത നിലയിൽ എത്തിച്ചിരുന്നു. അതേസമയം ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താം എന്നാണ് ലേബർ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു റേച്ചൽ റീവ്‌സിന്റെ ചൈനാ സന്ദർശനം. അതിനിടെ, പാർട്ടിക്കുള്ളിൽ തന്നെ ചാൻസലർക്കുള്ള പിന്തുണ കുറഞ്ഞു വരികയാണെന്ന് കഴിഞ്ഞ ദിവസം തന്നെ ചില സൂചനകൾ ലഭിച്ചിരുന്നു. നികുതി വർദ്ധനയുൾപ്പടെ അവരുടെ പല നയങ്ങളിലും എം പിമാർ ഉൾപ്പടെയുള്ളവർ ആശങ്ക രേഖപ്പെടുത്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
© Copyright 2024. All Rights Reserved