ചൈനയിൽ ആഫ്രിക്കൻ തൊഴിലാളികളെ ചാട്ടവാറ് കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോം ലൂക്രെ എന്ന മാധ്യമ പ്രവർത്തകനാണ് സാമൂഹ്യ മാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചത്. ട്രക്കിലോ മറ്റോ നിലത്തിരിക്കുന്ന തൊഴിലാളികളെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
-------------------aud------------------------------
ജീവനക്കാർ ഒരു കണ്ടെയ്നർ പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരിക്കുകയും ചൈനക്കാരൻ അവരെ ശകാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് അയാൾ ഒരു വടി പുറത്തെടുത്ത് തൊഴിലാളികളെ നിഷ്കരുണം മർദ്ദിക്കുകയായിരുന്നു. അടിയേൽക്കാതിരിക്കാൻ തലയിൽ കൈവെച്ച് കൊണ്ടാണ് തൊഴിലാളികൾ ഇരിക്കുന്നത്. അതേസമയം, 12 മില്യൻ കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്കുള്ളത്. പെട്ടെന്ന് തന്നെ ഈ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. അടിമത്തത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.
ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വാർത്താ ഏജൻസിയായ എഎൻഐ ആഫ്രിക്കൻ തൊഴിലാളികളോട് ചൈനീസ് പ്രോജക്ട് മാനേജർമാർ മോശമായി പെരുമാറുന്നത് എടുത്തുകാട്ടുന്ന ഒരു റിപ്പോർട്ട് പുറത്തു കൊണ്ടുവന്നിരുന്നു. ആഫ്രിക്കയിലെ പ്രാദേശിക തൊഴിലാളികൾ ദുരുപയോഗം ചെയ്യപ്പെടുകയും മോശമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും കരാർ ശമ്പളത്തിന് താഴെയുള്ള വേതനമാണ് ഇവർക്ക് നൽകുകയും ചെയ്യുന്നത്. ഈ ജീവനക്കാരെ പലപ്പോഴും മണിക്കൂറുകളോളം ജോലി ചെയ്യിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
2022-ൽ റുവാണ്ടയിലെ ഒരു കോടതി ചൈനക്കാരനായ സൺ ഷുജൂനെ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. അയാൾ ഒരു തൊഴിലാളിയെ ചാട്ടവാറുകൊണ്ട് അടിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുകയായിരുന്നു. ഈ കേസ് പല ആഫ്രിക്കക്കാരെയും ചൊടിപ്പിച്ചിരുന്നു. തീരുമാനത്തിന് പിന്നാലെ റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിലെ ചൈനീസ് എംബസി പ്രാദേശിക നിയമങ്ങൾ പാലിക്കാൻ റുവാണ്ടയിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
© Copyright 2023. All Rights Reserved