ഈ മാസം ആദ്യം ചൈനയിൽ അജ്ഞാത വൈറസ് പടരുന്നതിന്റെ വാർത്തകൾ ലോകത്ത് ഭീതി വിതച്ചിരുന്നു. 2019-ലെ കൊറോണാവൈറസ് വ്യാപനത്തിന്റെ ആഘാതം ഇപ്പോഴും ലോകത്ത് നിന്നും സമ്പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. അക്കാലത്ത് ചൈന വിവരങ്ങൾ മറച്ചുവെച്ചത് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ആ രാജ്യത്ത് പുതിയ വൈറസ് രോഗികളെ സൃഷ്ടിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്.
-------------------aud--------------------------------
എന്നാൽ ഈ അജ്ഞാത വൈറസ് എച്ച്എംപിവി ആണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോൾ എച്ച്എംപിവി വൈറസ് യുകെയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് സൃഷ്ടിക്കുകയാണ്. പ്രായമായ രോഗികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്. ഇംഗ്ലണ്ടിൽ ശ്വാസകോശ ഇൻഫെക്ഷൻ പിടിപെടുന്ന 20 രോഗികളിൽ ഒരാൾ വീതം ഹ്യൂമൻ മെറ്റാന്യൂമോവൈറസ് അഥവാ എച്ച്എംപിവി വാഹകരാണെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി 13 വരെയുള്ള ഈ കണക്കുകൾ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിലയാണ്. ഡിസംബറിന്റെ തുടക്കത്തിൽ യുകെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി നിരക്കിലേക്കാണ് കണക്ക് എത്തിയത്.
ഇംഗ്ലണ്ടിലെ എച്ച്എംപിവി നില 'മീഡിയം' എന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി രേഖപ്പെടുത്തുന്നത്. ചൈനയിലെ ആശുപത്രികളിൽ മാസ്‌ക് അണിഞ്ഞ് രോഗികൾ നിരന്ന് നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ആശങ്ക വ്യാപിച്ചത്. ബ്രിട്ടനിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളിൽ എച്ച്എംപിവി പോസിറ്റീവാകുന്നവരിൽ ഏഴ് ശതമാനം ചെറിയ കുട്ടികളാണ്. ഇതിന് പിന്നാലെ ഇപ്പോൾ പ്രായമായവരിലും വൈറസ് പിടിപെടുന്നത് ഉയരുകയാണ്.
© Copyright 2024. All Rights Reserved