ചൈനയിൽ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡുയുവിന്റെ ഉടമ ചെൻ ഷെയജിയെ മൂന്നാഴ്ചയായി കാണാനില്ല. ചൂതാട്ടവും അശ്ലീല വിഡിയോയും ഡുയുവിൽ ഉണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ശതകോടീശ്വരനായ ഷെയജിയെ കാണാതായത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഷെയജിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന വിവരം ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് പുറത്തുവിട്ടത്. അതേസമയം, സ്ഥാപനം പതിവുപോലെ പ്രവർത്തിക്കുന്നുവെന്നാണ് കമ്പനിയുടെ വക്താവ് വിശദീകരിച്ചത്.
അഴിമതിയുടെ പേരിൽ കോടീശ്വരൻമാരെയും പ്രമുഖരെയും കസ്റ്റഡിയിലെടുക്കുകയും വിവരം പുറത്തുവിടാതിരിക്കുകയും ചെയ്യുന്നത് ചൈനയിൽ പതിവാണ്. മുൻപും കോടീശ്വരൻമാരെ കുറച്ചുകാലം കാണാതാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ ബാങ്കിങ് മേഖലയിലെ പ്രമുഖനും ശതകോടീശ്വരനുമായ ബാവോ ഫാൻ അപ്രത്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനമായ ചൈന റിനയസൻസ് ഹോൾഡിങ്സ് തന്നെയാണ് ഉടമസ്ഥനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അറിയിച്ചത്. മേയിലാണ് ബാവോ ഫാൻ കസ്റ്റഡിയിലുണ്ടെന്ന് അഴിമതിവിരുദ്ധ വകുപ്പ് അറിയിച്ചത്.കഴിഞ്ഞമാസം മറ്റൊരു ധനകാര്യ സ്ഥാപനമായ എവർബ്രൈറ്റ് ഗ്രൂപ്പിന്റെ ഉടമ ലി ഷിയോപെങ്ങിനെയും അറസ്റ്റ് ചെയ്തു.
© Copyright 2025. All Rights Reserved