മുൻ അമേരിക്കൻ ഡിഫൻസ് ഇന്റലിജന്റ്സ് ഏജൻസി ഉദ്യോഗസ്ഥൻ റോൺ റോക്വെൽ ഹാൻസൺ ആണ് അറസ്റ്റിലായത്. ചൈനയിലേക്ക് പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എഫ്ബിഐ അധികൃതർ 58 വയസുകാരനായ ഹാൻസണെ അറസ്റ്റ് ചെയ്തത്.രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ഇയാൾ ചോർത്തി നൽകിയെന്നാണ് സംശയിക്കുന്നത്. ഇതിനായി എട്ട് ലക്ഷം ഡോളർ ഹാൻസൺ ചൈനയുടെ പക്കൽ നിന്നും കൈപറ്റിയെന്നാണ് സൂചന. രാജ്യസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇതെന്നും മുൻപ് ഡിഫൻസ് ഏജൻസി ഉദ്യോഗസ്ഥനായിരുന്നു എന്നത് ഹാൻസൺ മറന്നു എന്നത് ഞെട്ടിച്ചുവെന്നും അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ ഡിമേഴ്സ് പറഞ്ഞു. ഹാൻസണെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.2006ൽ അമേരിക്കൻ ഡിഫൻസ് ഏജൻസി ഉദ്യോഗസ്ഥനായിരുന്ന ഹാൻസണ്‍ ഒന്നിലേറ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനാകുമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഡിഐഎ വിട്ട ശേഷം ഇയാൾ നിരന്തരമായി ചൈനയിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും 2013-2017 കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ യാത്രാരേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞ എഫ്ബിഐ അധികൃതർ വർഷങ്ങളായി ചാരപ്രവൃത്തി തുടരുകയാണെന്ന് വ്യക്തമായെന്നും വ്യക്തമാക്കി. നേരത്തെ, രാജ്യത്തെ വിവിധ ഏജൻസികളിൽ പ്രവർത്തിച്ച ശേഷം ഇത്തരത്തിൽ ചാര പ്രവർത്തനം നടത്തിയതിന് മുൻപും ആളുകൾ അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. അടുത്ത കാലത്താണ് മുൻ സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജെറി ചോൻ ഷിംഗ് സമാനമായ കുറ്റത്തിന് അറസ്റ്റിലായത്. മുൻ സിഐഎ ഉദ്യോഗസ്ഥനായ കെവിൻ മല്ലോറിയെയും ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു ഇയാൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി വിചാരണ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
© Copyright 2024. All Rights Reserved