വടക്കൻ ചൈനയിൽ കുട്ടികളിലെ ശ്വാസകോശ രോഗം ആശങ്കയുണ്ടാക്കുന്ന
സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്രം നിർദേശം നൽകിയത്. അയൽ രാജ്യമായ ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങൾ തയാറായിരിക്കണമെന്നും തയാറെടുപ്പുകൾ അവലോകനം ചെയ്യണമെന്നും നിർദേശമുണ്ട്
സ്ഥിതിഗതികൾ അത്ര ഭയാനകമല്ലെങ്കിലും ജാഗ്രത ആവശ്യമാണെന്നാണ് കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നിലവിൽ കണ്ടുവരുന്ന ഇൻഫ്ലുവൻസ മൂലവും ശൈത്യകാലമായതിനാലും ആണ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുന്നത് എന്നാണ് വിലയിരുത്തൽ.
കൊവിഡ് കാലത്ത് നിർദേശിച്ച മുൻകരുതൽ നടപടികൾ നിലവിലെ സാഹചര്യത്തിലും പിന്തുടരണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ സെക്രട്ടറി അയച്ച കത്തിൽ പറയുന്നുണ്ട്. അതികഠിനമായ അക്യൂട്ട് റെസ്‌പിറേറ്ററി ഇൽനസ് (SARI) ആണ് പടരുന്നത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതിന് പിന്നാലെ കർണാടക ആദ്യ നടപടി സ്വീകരിച്ചു. സീസണൽ ഇൻഫ്ലുവൻസ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന പകർച്ച വ്യാധിയാണെന്നും കുറഞ്ഞ രോഗാവസ്ഥയാണെങ്കിലും ജാഗ്രത വേണമെന്നും കർണാടക സർക്കാർ പൊതുജനത്തിന് നിർദേശം നൽകിയിട്ടുണ്ട്. പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്‌മ, മയക്കം, ഓക്കാനം, തുമ്മൽ, മൂന്ന് ആഴ്‌ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ശിശുക്കൾ, ഗർഭിണികൾ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള മരുന്നുകൾ ദീർഘകാലമായി കഴിക്കുന്നവർ എന്നിവർക്ക് ആശുപത്രിയിൽ ചികിത്സ നൽകേണ്ടി വരുമെന്നും കർണാടക സർക്കാർ വ്യക്തമാക്കുന്നു. കർണാടകയ്ക്കൊപ്പം രാജസ്ഥാനിലെ ആരോഗ്യ വകുപ്പിനോടും ദ്രുതഗതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കേന്ദ്ര നിർദേശം. രോഗ വ്യാപനം തടയുന്നതിനും ചികിത്സിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി തയാറാക്കുന്നതിനും സംസ്ഥാന സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാനിൽ നിലവിൽ സ്ഥിതി ആശങ്കജനകമല്ലെന്നും എന്നിരുന്നാലും സംസ്ഥാനത്തെ പകർച്ച വ്യാധികളുടെ നിരീക്ഷണത്തിനും പ്രതിരോധത്തിനും മെഡിക്കൽ സ്റ്റാഫുകൾ പൂർണ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് വ്യക്തമാക്കി. കുട്ടികളിലെ ന്യുമോണിയ, ഇൻഫ്ലുവൻസ എന്നിവയുടെ ലക്ഷണങ്ങൾ നിരീക്ഷിക്കാൻ ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പും മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സർക്കാരും ഇതേ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തമിഴ്‌നാടും നടപടി സ്വീകരിച്ചിട്ടുണ്ട്.
© Copyright 2025. All Rights Reserved