ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ചതുർദിന സന്ദർശനത്തിനായി ഇന്നലെ റഷ്യയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിൽനിന്നു മടങ്ങിയതിനു പിന്നാലെയാണ് ചൈനയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞൻകൂടിയായ വാംഗിന്റെ സന്ദർശനം ഉണ്ടായത്.
തന്ത്രപ്രധാന സുരക്ഷാ ചർച്ചകൾക്കാണു വാംഗ് റഷ്യയിലേക്കു പോയതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അടക്കമുള്ളവരുമായി വാംഗ് കൂടിക്കാഴ്ച നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചൈനാ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പുടിൻ ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആറു ദിവസത്തെ റഷ്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതു ഞായറാഴ്ചയാണ്. റഷ്യയുമായി സൈനിക സഹകരണം വർധിപ്പിക്കാനാണു കിം എത്തിയതെന്നു പാശ്ചാത്യർ ചൂണ്ടിക്കാട്ടി.
ചൈനയുടെ അനുഗ്രഹാശിസുകളോടെയാണ് ഉത്തരകൊറിയ-റഷ്യ ബന്ധം ശക്തിപ്പെടുന്നതെന്നും പറയുന്നു.
© Copyright 2025. All Rights Reserved