ഇംഗ്ലണ്ടിലെ പല കൗൺസിലുകളും പാപ്പരാകുന്നതിന്റെ വക്കത്തെത്തി നിൽക്കുമ്പോൾ ഭൂരിഭാഗം വീട്ടുടമസ്ഥരും അതിന്റെ ചൂട് അനുഭവിക്കാൻ പോവുകയാണ്. ഇതിനോടകം തന്നെ 30 ൽ അധികം കൗൺസിലുകൾ വരുന്ന ഏപ്രിൽ മാസത്തോടെ നികുതിയിൽ 5 ശതമാനത്തിന്റെ വർദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത് ഒരു ശരാശരി ബാൻഡ് ഡി വീടിന് 100 പൗണ്ട് വരെ നികുതി വർദ്ധിക്കും. അതായത് കൗൺസിൽ ടാക്സ് ശരാശരി 2,100 പൗണ്ട് ആകും എന്ന് ചുരുക്കം.
ടെലെഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ ചെറിയൊരു വിഭാഗം കൗൺസിലുകൾ പാപ്പരായി കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സേവനങ്ങൾ തുടർന്ന് കൊണ്ടു പോകുന്നതിനായി അവർ 10 ശതമാനം വരെ അവരുടെ ലെവിവർദ്ധിപ്പിക്കുവാനാണ് തയ്യാറാകുന്നത്. പ്രതിസന്ധി പരിഹരിച്ച്, പ്രായമായവർക്കും കുട്ടികൾക്കുമുള്ള സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനായി കൗൺസിൽ സിസ്റ്റത്തിലേക്ക് 500 മില്യൻ പൗണ്ട് വകയിരുത്തിയെന്ന് ലെവലിംഗ് അപ് സെക്രട്ടറി മൈക്കൽ ഗോവ് പ്രസ്താവിച്ചു.
എം. പിമാർക്ക് എഴുതി നൽകിയ പ്രസ്താവനയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൗൺസിലുകൾക്ക് ഇത്തരത്തിൽ ഇടക്കാലാശ്വാസം അനുവദിക്കുന്നത് സാധാരണമല്ലെന്ന് പറഞ്ഞ ഒരു മുതിർന്ന കൗൺസിൽ അംഗം പക്ഷെ പല കൗൺസിലുകളെയും പാപ്പരാകുന്നതിൽ നിന്നും ഇത് സംരക്ഷിക്കുമെന്നും പറഞ്ഞു. അതേസമയം, തീർത്തും ദുഃഖകരമായ ഒരു പുതുവത്സരമാണ് നികുതിദായകർക്കെന്ന് ടാക്സ് പേയേഴ്സ് അലയൻസ് തലവൻ എലിയട്ട് കെക്ക് പറഞ്ഞു.
പല കൗൺസിലുകളും, തങ്ങളുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശ്രമിക്കാതെ അതിന്റെ ബാദ്ധ്യതകൾ മുഴുവൻ നികുതിദായകരുടെ തലയിൽ വെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന വർഷത്തെ നികുതി നിരക്ക് ഇനിയും പ്രഖ്യാപിക്കാത്ത കൗൺസിലുകളിലും, ഇപ്പോൾ തീരുമാനമെടുത്ത കൗൺസിലുകളുടെ നടപടി പ്രതിഫലിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. നേരത്തെ, പാപ്പരായി പ്രഖ്യാപിച്ച് എസ് 114 നോട്ടീസുകൾ കൈപ്പറ്റിയ കൗൺസിലുകൾക്ക് പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടിയ നിരക്കിൽ നികുതി വർദ്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു.
പാപ്പരായ കൗൺസിലുകൾക്ക് അധിക ധനസഹായം ആവശ്യപ്പെട്ട് 40 ൽ അധികം ഭരണകക്ഷി എം പിമാർ ശബ്ദം ഉയർത്തിയിരുന്നു. പ്രധാനമന്ത്രിക്കും ചാൻസലർക്കും എഴുതിയ കത്തുകളിലായിരുന്നു അവർ ഇത് ആവശ്യപ്പെട്ടത്. അടിയന്തിരമായി പണം ലഭ്യമാക്കിയില്ലെങ്കിൽ, പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം പല കൗൺസിലുകൾക്കും നികുതി വർദ്ധന ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും അതിൽ സൂചിപ്പിച്ചിരുന്നു. മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ടോറി ചെയർമാൻ സർ ജെയ്ക്ക് ബെറി എന്നിവരും ഈ കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു
© Copyright 2025. All Rights Reserved