ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. നദിയിൽ തോട് ചേരുന്നു. അത്രയേ പറയാനാകൂവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്‌ചവച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടി. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദ്ദേശമെങ്കിൽ നിൽക്കുമെന്നും പിസി ജോർജ് പറഞ്ഞു. "ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം" പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. "സീറ്റൊന്നും പ്രശ്‌നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല" പിസി ജോർജ് കൂട്ടിച്ചേർത്തു. നേരത്ത പാർട്ടിയുടെ സംസ്ഥാന സമിതിയിൽ എൻഡിഎയിൽ ചേരാൻ ധാരണ ആയിരുന്നു. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്താൻ അഞ്ചംഗ സമിതിയെയും അവർ നിയോഗിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. പിസി ജോർജ് വീണ്ടും എത്തുന്നതോടെ മധ്യകേരളത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബിജെപി.
© Copyright 2024. All Rights Reserved